
കുവൈത്ത് സിറ്റി: ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രയേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ കുവൈത്തിൽ വലിയ ആശങ്ക പടർത്തുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ മൂന്നാം തവണയാണ് ബുഷെഹർ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റവും പുതിയ ആക്രമണത്തെത്തുടർന്ന് കുവൈത്ത് റേഡിയേഷൻ അഡ്വൈസറി പുറപ്പെടുവിച്ചു.
കുവൈത്ത് തീരത്തുനിന്ന് വെറും 240 കിലോമീറ്റർ മാത്രം അകലെയാണ് ഇറാനിലെ ഈ ആണവനിലയം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് നിലയത്തിൽ എന്തെങ്കിലും തരത്തിലുള്ള ചോർച്ചയുണ്ടായാൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ കുവൈത്തിലെത്തുമെന്നതാണ് അധികൃതരെയും ജനങ്ങളെയും ഭീതിയിലാഴ്ത്തുന്നത്.
സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് നാഷണൽ ഗാർഡ് ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും വീഡിയോ സന്ദേശത്തിലൂടെ അധികൃതർ അറിയിച്ചു. മാസ്കുകൾ ധരിക്കാനും നിർദ്ദേശമുണ്ട്.
ആക്രമണം നടന്ന കാര്യം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ റേഡിയേഷൻ ചോർച്ചയോ സാങ്കേതിക തകരാറുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഏജൻസി അറിയിച്ചു. അതേസമയം, സുരക്ഷാ ഭീഷണിയെത്തുടർന്ന് നിലയത്തിലുണ്ടായിരുന്ന റഷ്യൻ വിദഗ്ധരെ റഷ്യൻ ആണവ ഏജൻസിയായ ‘റൊസാറ്റം’ തിരികെ വിളിച്ചിട്ടുണ്ട്.
രാജ്യത്തെ റേഡിയേഷൻ അളവ് ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ വികിരണ തോതിൽ മാറ്റമില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ലക്ഷക്കണക്കിന് മലയാളി പ്രവാസികളക്കം താമസിക്കുന്ന രാജ്യമെന്ന നിലയിൽ കേരളത്തിലും വലിയ ആശങ്കയോടെയാണ് ഈ വാർത്തകൾ വീക്ഷിക്കുന്നത്.
Another attack on the Bushehr nuclear power plant: Kuwait on high alert, expatriates also fear nuclear leak














