വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും ശീതകാല കൊടുങ്കാറ്റ് ശക്തമാകുന്നു. കഴിഞ്ഞ ആഴ്ച മുതൽ തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് 100ലധികം പേർ മരിച്ചതിന് പിന്നാലെയാണ് പുതിയ കൊടുങ്കാറ്റ് കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ കരോലൈന തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട കൊടുങ്കാറ്റ് വേഗത്തിൽ ശക്തിപ്പെട്ടു. ഇതോടെ കാറ്റിന്റെ വേഗം വർധിക്കുകയും പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച ആരംഭിക്കുകയും ചെയ്തു.
മണിക്കൂറിൽ 70 മൈൽ വരെ വേഗതയുള്ള കാറ്റ് വീശുന്നതിനാൽ, കിഴക്കൻ ജോർജിയ മുതൽ വെർജീനിയ ബീച്ച് വരെ പ്രദേശങ്ങളിൽ ബ്ലിസാർഡ് പോലുള്ള അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തന്നെ കിഴക്കൻ ടെന്നസി, കരോലൈന സംസ്ഥാനങ്ങൾ, തെക്കൻ വെർജീനിയ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു. വടക്കുകിഴക്കൻ ടെന്നസിയിലെ ചില പ്രദേശങ്ങളിൽ മൂന്ന് ഇഞ്ച് വരെ മഞ്ഞ് പെയ്തു.
ദക്ഷിണ കരോലൈനയും വടക്കൻ കരോലൈനയും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പിൽ തുടരുകയാണ്. ചില ഭാഗങ്ങളിൽ ഒരു അടി വരെ മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ കാരണം യാത്ര അതീവ അപകടകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. കരോലൈന, പടിഞ്ഞാറൻ ടെന്നസി, തെക്കുകിഴക്കൻ വെർജീനിയ എന്നിവിടങ്ങളിൽ 6 മുതൽ 12 ഇഞ്ച് വരെ വ്യാപകമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. അറ്റ്ലാന്റ, നോക്സ്വിൽ, നോർഫോക്, വെർജീനിയ ബീച്ച് തുടങ്ങിയ നഗരങ്ങളും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പിലാണ്. ഇവിടെ ഒന്ന് മുതൽ മൂന്ന് ഇഞ്ച് വരെ മഞ്ഞ് ലഭിക്കാനിടയുണ്ട്. ഞായറാഴ്ച പുലർച്ചയോടെ മഞ്ഞുവീഴ്ച കുറയുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച ഉച്ചവരെ 2,000ലധികം വിമാന സർവീസുകൾ റദ്ദാക്കി.
ഞായറാഴ്ച കൊടുങ്കാറ്റ് കടലിലേക്ക് നീങ്ങും. കഴിഞ്ഞ ആഴ്ച കനത്ത മഞ്ഞുവീഴ്ച നേരിട്ട വടക്കുകിഴക്കൻ മേഖലകളിൽ വലിയ മഞ്ഞുവീഴ്ച ഉണ്ടാകില്ലെങ്കിലും കേപ്പ് കോഡ്, കിഴക്കൻ ലോങ് ഐലൻഡ് എന്നിവിടങ്ങളിൽ ചെറിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ന്യൂയോർക്ക് മുതൽ ബോസ്റ്റൺ വരെ പ്രദേശങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെടും. കരോലൈന തീരപ്രദേശങ്ങളിലും ഡെൽമാർവ പെനിൻസുലയിലും ചെറുതോതിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, മഞ്ഞുവീഴ്ച കുറഞ്ഞാലും അതിശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. അപ്പർ മിഡ്‌വെസ്റ്റിൽ നിന്ന് ഡീപ് സൗത്ത് വരെയും കിഴക്കൻ തീരപ്രദേശങ്ങളിലേക്കും വ്യാപകമായി അപകടകരമായ താപനിലയാണ് അനുഭവപ്പെടുന്നത്. വാഷിങ്ടൺ ഡി.സി., ഡെട്രോയിറ്റ്, ഗ്രീൻ ബേ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ വിൻഡ് ചിൽ പൂജ്യത്തിനടുത്ത് രേഖപ്പെടുത്തി. ന്യൂയോർക്ക്, നാഷ്വിൽ, ലിറ്റിൽ റോക്ക് തുടങ്ങിയ നഗരങ്ങളിൽ ഒറ്റ അക്ക താപനിലയാണ് അനുഭവപ്പെട്ടത്. പെൻസിൽവാനിയയിലെ സ്ക്രാന്റണും ന്യൂയോർക്കിലെ സിറാക്ക്യൂസും ഞായറാഴ്ച വരെ കോൾഡ് വെതർ അഡ്വൈസറിയിൽ തുടരുകയാണ്. ഇവിടെ വിൻഡ് ചിൽ -15 മുതൽ -25 വരെ താഴാൻ സാധ്യതയുണ്ട്.
ന്യൂയോർക്ക് നഗര മേഖലയിലും പുലർച്ചയോടെ -10 വരെ വിൻഡ് ചിൽ രേഖപ്പെടുത്താമെന്നും മുന്നറിയിപ്പുണ്ട്. ഫ്ലോറിഡയിൽ ഞായറാഴ്ച രാവിലെ എക്സ്ട്രീം കോൾഡ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില നഗരങ്ങളിൽ വിൻഡ് ചിൽ ഒറ്റ അക്കത്തിലേക്കും താഴാം. അടുത്ത ആഴ്ചയും കിഴക്കൻ അമേരിക്കയിൽ തണുപ്പ് തുടരുമെന്നും, പടിഞ്ഞാറൻ മേഖലകളിൽ സാധാരണയേക്കാൾ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
Another winter storm; More snow expected in America, severe cold to continue









