
വാഷിംഗ്ടൺ: യുഎസ് പ്രതിരോധ വകുപ്പായ പെൻ്റഗൺ തങ്ങളുടെ സംവിധാനങ്ങളിൽ നിന്ന് ആന്ത്രോപിക്കിനെ ഒഴിവാക്കുന്ന റിപ്പോർട്ടുകൾക്കു പിന്നാലെ പകരമായി ഓപ്പൺഎഐ ഉപയോഗിക്കാൻ തീരുമാനിച്ചതായി വിവരം. പെൻ്റഗണിൻ്റെ അതീവ രഹസ്യ സ്വഭാവമുള്ള നെറ്റ്‌വർക്കുകളിൽ തങ്ങളുടെ എഐ മോഡലുകൾ വിന്യസിക്കാൻ ഓപ്പൺഎഐയുമായി കരാറിലെത്തിയതായി കമ്പനി സിഇഒ സാം ആൾട്ട്മാൻ അറിയിച്ചു. പെൻ്റഗൺ ആവശ്യപ്പെടുന്ന രീതിയിലുള്ള സേവനങ്ങൾ ഓപ്പൺഎഐ ലഭ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്.
കൂട്ട നിരീക്ഷണം, സ്വയം പ്രവർത്തിക്കുന്ന മാരകായുധങ്ങൾ എന്നിവയ്ക്കായി തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകണമെന്ന് ആന്ത്രോപിക് യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിയ പെൻ്റഗൺ, കമ്പനിക്ക് മേൽ അടിച്ചേൽപ്പിച്ച സമയപരിധി അവസാനിച്ചതിനെത്തുടർന്ന് ആന്ത്രോപിക്കിനെ നീക്കം ചെയ്യുകയായിരുന്നു.
പ്രതിരോധ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ആന്ത്രോപിക്കിനെ ഒരു ‘സപ്ലൈ ചെയിൻ റിസ്ക്’ ആയി പെൻ്റഗൺ മുദ്രകുത്തിയിട്ടുണ്ട്. ഇത് ആന്ത്രോപിക്കിന് പെൻ്റഗണുമായി ബന്ധമുള്ള മറ്റ് കമ്പനികളുമായുള്ള കരാറുകളെയും ബാധിക്കും. പ്രതിരോധ മേഖലയിലെ പല പ്രധാന പ്രവർത്തനങ്ങൾക്കും ആന്ത്രോപിക്കിന്റെ ‘ക്ലോഡ്’ മോഡലുകളാണ് നിലവിൽ ഉപയോഗിച്ചിരുന്നത്. ഇവ മാറ്റുന്നത് പ്രതിരോധ സംവിധാനങ്ങളെ താൽക്കാലികമായി ബാധിച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങൾക്കിടയിൽ ആമസോൺ (Amazon) ഓപ്പൺഎഐയിൽ 50 ബില്യൺ ഡോളറിൻ്റെ നിക്ഷേപം പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
ഓപ്പൺ എഐ
നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ലോകപ്രശസ്തമായ ഒരു ഗവേഷണ സ്ഥാപനമാണ് ഓപ്പൺഎഐ. സാം ആൾട്ട്മാൻ (നിലവിലെ സിഇഒ), എലോൺ മസ്ക്, ഗ്രെഗ് ബ്രോക്ക്മാൻ, ഇല്യ സത്‌സ്കെവർ തുടങ്ങിയ പ്രമുഖർ ചേർന്നാണ് ഇത് സ്ഥാപിച്ചത്. എന്നാൽ എലോൺ മസ്ക് 2018-ൽ കമ്പനിയിൽ നിന്ന് പടിയിറങ്ങി.
ജനപ്രിയമായ ചാറ്റ് ജിപിടി (ChatGPT), ഇമേജ് ജനറേറ്ററായ ഡാൾ-ഇ (DALL-E) എന്നിവ നിർമ്മിച്ചത് ഈ കമ്പനിയാണ്. 2015-ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ഒരു ലാഭേച്ഛയില്ലാത്ത (Non-profit) സ്ഥാപനമായാണ് ഇത് ആരംഭിച്ചത്. എന്നാൽ പിന്നീട് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായി ‘ക്യാപ്ഡ്-പ്രോഫിറ്റ്’ എന്ന രീതിയിലേക്ക് കമ്പനി മാറി. ഓപ്പൺഎഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. കമ്പനിയിൽ ഏകദേശം 27% മുതൽ 49% വരെ ഓഹരി പങ്കാളിത്തം ഇവർക്കുണ്ട്.
Anthropic out of US defense systems; will OpenAI replace it?















