തൊണ്ടിമുതലായ അടിവസ്ത്രം തിരിമറി കേസ്; ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ

തൊണ്ടിമുതലായ അടിവസ്ത്രം തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി. 3 വകുപ്പുകൾ ഒഴികെ ബാക്കി കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്. പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല.

മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും നിലനിൽക്കുന്നത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ കോടതി വിധി.

കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 1990ലാണ് കേസിന് ആസ്പദമായ സംഭവം. 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.

കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു.സാൽവദോറിൻ്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാർക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാൻ തൊണ്ടിയിലെ അളവു വ്യത്യാസം നിർണായകമായി.

പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് 1994ൽ കേസെടുത്തത്. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആൻ്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

നെടുമങ്ങാട് കോടതിയിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോൾ വഞ്ചനാക്കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ അനിൽ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഈ വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂർത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

ചുമത്തിയിട്ടുള്ള വകുപ്പുകൾ

ഐപിസി 34 – പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 – സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന(10, വർഷം മുതൽ ജീവപര്യന്തം ശിക്ഷ കിട്ടാം) , 120 B – ഗുഢാലോചന, 420- വഞ്ചന, 201- തെളിവ് നശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകന്റെ നിയമലംഘനം, 465 – വ്യാജരേഖ ചമക്കൽ, 468 – വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമക്കൽ

ഇതിൽ 420, 468, 371 വകുപ്പുകൾ നിലനിൽക്കില്ല. 120 ബി, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കും. 409 വകുപ്പ് പ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ ആൻ്റണി രാജുവിൻ്റെ നിയമസഭാ അംഗത്വം റദ്ദാകും.

Antony Raju is guilty in evidence tampering case

More Stories from this section

family-dental
witywide