
തിരുവനന്തപുരം: ദശാബ്ദങ്ങൾ നീണ്ട തൊണ്ടിമുതൽ അട്ടിമറി കേസിൽ നെടുമങ്ങാട് കോടതി തടവ് ശിക്ഷ വിധിച്ചതോടെ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു അയോഗ്യനുമായി. കോടതി വിധി വന്നതോടെ ആന്റണി രാജുവിന് തന്റെ എംഎൽഎ സ്ഥാനം അടിയന്തരമായി നഷ്ടമാകും. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടനടി അയോഗ്യരാകുമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഈ നടപടി. ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിലക്കുണ്ടാകും. മേൽക്കോടതിയിൽ നിന്ന് ശിക്ഷയ്ക്ക് സ്റ്റേ നേടിയാൽ പോലും അയോഗ്യത മാറില്ല എന്നത് ആന്റണി രാജുവിൻ്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾക്ക് മൂന്ന് വർഷം വീതവും ഗൂഢാലോചനയ്ക്ക് ആറ് മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷയായി പ്രഖ്യാപിച്ചത്. കേസ് സിജെഎം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളിക്കൊണ്ടാണ് മജിസ്‌ട്രേറ്റ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
1990-ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ജീവനക്കാരൻ്റെ സഹായത്തോടെ തൊണ്ടിമുതൽ മാറ്റിയെന്നാണ് കണ്ടെത്തൽ. ഈ തിരിമറിയിലൂടെ വിദേശി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ കൃത്രിമം തെളിയുകയായിരുന്നു. 34 വർഷങ്ങൾക്ക് ശേഷമാണ് ഈ കേസിൽ ഇപ്പോൾ നിർണ്ണായകമായ വിധി വരുന്നത്.














