ആകാംക്ഷ നിറഞ്ഞ ഞായർ: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ അവതരിപ്പിക്കുന്നു

ദില്ലി: നാളെ രാജ്യത്തിന് ആകാംക്ഷ നിറഞ്ഞ ഞായറാഴ്ചയാകുന്നു. മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് നാളെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. അടുത്ത കാലത്തൊന്നും കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ചയും അവതരിപ്പിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇതോടെ തുടർച്ചയായി ഒൻപതാമത്തെ ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡും ഇതോടെ നിർമല സീതാരാമന് ലഭ്യമാകും.

രാജ്യത്ത് ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇതിനാലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കുന്നത്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. 1959 നും 1964 നും ഇടയിൽ ആറ് തവണയും, 1967 നും 1969 നും ഇടയിൽ നാല് തവണയുമാണ് മൊറാർജി ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ധനമന്ത്രിമാരിൽ പി ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും വിവിധ സർക്കാരുകൾക്ക് കീഴിൽ അവതരിപ്പിച്ചിട്ടുണ്ട്.

Anxious Sunday: Finance Minister Nirmala Sitharaman to present the third budget of the third Modi government tomorrow

More Stories from this section

family-dental
witywide