ഭൂമി ഒരൊറ്റ ഫ്രെയിമിൽ; 53 വർഷത്തിന് ശേഷം അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് ആർട്ടെമിസ് 2 ദൗത്യസംഘം

മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആർട്ടെമിസ് 2 ദൗത്യത്തിനിടെ ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയ അത്യപൂർവ്വ ചിത്രം പുറത്തുവിട്ടു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം 53 വർഷങ്ങൾ പിന്നിടുമ്പോഴാണ് ബഹിരാകാശത്തുനിന്നും ഭൂമിയുടെ ഇത്തരമൊരു സമ്പൂർണ്ണ ചിത്രം വീണ്ടും ലഭ്യമാകുന്നത്. അന്ന് ഹാരിസൺ ഷ്മിറ്റ് പകർത്തിയ ‘ബ്ലൂ മാർബിൾ’ എന്ന ചിത്രം ചരിത്രപ്രസിദ്ധമായിരുന്നു. ദശകങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് യാത്ര തിരിച്ച നാലംഗ സംഘം ഒറയോൺ പേടകത്തിൽ നിന്നാണ് ഈ ദൃശ്യം പകർത്തിയത്.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് എസ്എൽഎസ് റോക്കറ്റിലായിരുന്നു ആർട്ടെമിസ് 2 സംഘത്തിന്റെ കുതിച്ചുയരൽ. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസൻ എന്നിവരാണ് സംഘത്തിലുള്ളത്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീ എന്ന റെക്കോർഡ് ക്രിസ്റ്റീന കോച്ചിനും, ആദ്യ കറുത്ത വർഗക്കാരൻ എന്ന നേട്ടം വിക്ടർ ഗ്ലോവറിനും ഈ യാത്രയിലൂടെ സ്വന്തമായി. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

യാത്രയിലുടനീളം കർശനമായ ആരോഗ്യ നിയന്ത്രണത്തിലായിരുന്ന സഞ്ചാരികൾക്കൊപ്പം 56 ലക്ഷം മനുഷ്യരുടെ പേര് രേഖപ്പെടുത്തിയ മെമ്മറി കാർഡ് അടങ്ങിയ ‘റൈസ്’ എന്ന ചെറിയ പാവയും ഒറയോൺ പേടകത്തിലുണ്ട്. അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്ന ആദ്യ ദൗത്യമാണിത്. മനുഷ്യ ചരിത്രത്തിൽ ഇതുവരെ ഒരു പേടകവും സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരത്തിലൂടെ സഞ്ചരിച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയിൽ തിരിച്ചെത്തും. ശാസ്ത്ര ലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ ദൗത്യത്തെ നോക്കിക്കാണുന്നത്.

Artemis 2 crew shares rare full-frame image of Earth after 53 years; a historic moment in lunar mission

More Stories from this section

family-dental
witywide