വാഷിംഗ്ടൺ: ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II ദൗത്യത്തിലെ സംഘാംഗങ്ങൾ പകർത്തിയ ഭൂമിയുടെ ആദ്യ ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ദൗത്യത്തിന്റെ കമാൻഡറായ റീഡ് വൈസ്മാൻ ആണ് ഈ “അത്ഭുതകരമായ” ചിത്രങ്ങൾ പകർത്തിയത്.

“ഹലോ, വേൾഡ്” എന്ന് പേരിട്ട ആദ്യ ചിത്രത്തിൽ അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ വിശാലമായ നീല നിറം കാണാം. സൂര്യനെ മറയ്ക്കുന്ന ഭൂമിയുടെ അരികിൽ അന്തരീക്ഷത്തിന്റെ ചെറു പ്രകാശവും ഇരുപ്രാന്തങ്ങളിലും പച്ച നിറത്തിലുള്ള ഓറോറകളും ദൃശ്യമാകുന്നു.
ചിത്രത്തിൽ ഭൂമി തലകീഴായി കാണപ്പെടുന്നു. ഇടത് ഭാഗത്ത് പടിഞ്ഞാറൻ സഹാറയും ഐബീരിയൻ ഉപദ്വീപും, വലത് ഭാഗത്ത് ദക്ഷിണ അമേരിക്കയുടെ കിഴക്കൻ ഭാഗവും കാണാം. താഴെ വലത് വശത്ത് പ്രകാശിക്കുന്ന ഗ്രഹം വീനസ് ആണെന്ന് നാസ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ട്രാൻസ്-ലൂണാർ ഇൻജക്ഷൻ ബേൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഇതോടെ ഓറിയോൺ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് 2 ലക്ഷം മൈലിലധികം ദൂരത്തിലുള്ള ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയാണ്.
1972-ന് ശേഷം ആദ്യമായാണ് മനുഷ്യർ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത്. ആർട്ടെമിസ് II ഇപ്പോൾ ചന്ദ്രന്റെ മറുഭാഗം ചുറ്റി തിരികെ ഭൂമിയിലേക്ക് എത്തുന്ന പാതയിലാണ്. ഏപ്രിൽ 6-ന് ചന്ദ്രന്റെ മറുഭാഗം കടന്നുപോകുകയും ഏപ്രിൽ 10-ന് ഭൂമിയിലെത്തുകയും ചെയ്യും.
പേടകത്തിൽ നിന്നെടുത്ത മറ്റൊരു ചിത്രത്തിൽ ഭൂമിയുടെ പകൽ-രാത്രി വിഭജനം, “ടെർമിനേറ്റർ” എന്നറിയപ്പെടുന്ന രേഖ, വ്യക്തമായി കാണാം. ചന്ദ്രപ്രകാശത്തിൽ ഭൂമിയുടെ ഇരുണ്ട ഭാഗം തെളിഞ്ഞുനിൽക്കുന്ന മനോഹര കാഴ്ചയും സംഘം പങ്കുവെച്ചു.

“ഞങ്ങൾ ജനാലകളോട് ചേർന്ന് നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തുകയാണ്,” എന്ന് ദൗത്യവിദഗ്ധനായ ജെറമി ഹാൻസെൻ മിഷൻ കൺട്രോളിനോട് പറഞ്ഞു. മനുഷ്യരുടെ വൈദ്യുതി വിളക്കുകൾ തിളങ്ങുന്ന രാത്രിയിലെ ഭൂമിയുടെ ചിത്രം ഉൾപ്പെടെ നിരവധി ദൃശ്യങ്ങൾ നാസ പിന്നീട് പുറത്തുവിട്ടു.
972-ലെ Apollo 17 ദൗത്യത്തിൽ എടുത്ത ചിത്രങ്ങളുമായി 2026-ലെ ചിത്രങ്ങൾ താരതമ്യം ചെയ്തും നാസ പങ്കുവെച്ചു.

“54 വർഷത്തിനിടെ നമ്മൾ ഏറെ മുന്നേറി. എന്നാൽ ഒരു കാര്യം മാറിയിട്ടില്ല — ബഹിരാകാശത്തിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ഭൂമി ഇന്നും അതിസുന്ദരമാണ്,” എന്നാണ് നാസയുടെ പ്രതികരണം.
Artemis II mission captures ‘amazing’ image of Earth















