ബഹിരാകാശത്തെ വിസ്മയത്തിന് രാജ്യത്തിന്റെ ആദരം; ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര, മലയാളികൾക്ക് അഭിമാനമായി പ്രശാന്ത് നായർക്ക് കീർത്തിചക്ര

രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പരമോന്നത സൈനിക ബഹുമതികളിൽ തിളങ്ങി ബഹിരാകാശ സഞ്ചാരികൾ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ രാജ്യം പരമോന്നത സമാധാനകാല ബഹുമതിയായ അശോകചക്ര നൽകി ആദരിച്ചു. 2025 ജൂണിൽ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ 18 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശുഭാംശു ശുക്ലയുടെ നേട്ടം രാജ്യത്തിന് അഭിമാനകരമായി.

മലയാളി ബഹിരാകാശ സഞ്ചാരിയും ഗഗൻയാൻ ദൗത്യത്തിന്റെ തലവനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര സമ്മാനിച്ചു. പ്രശാന്തിന് പുറമെ സൈനികരായ മേജർ അർഷദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നിവരും കീർത്തിചക്രയ്ക്ക് അർഹരായി. പായ് വഞ്ചിയിൽ ലോകം ചുറ്റി ചരിത്രം കുറിച്ച കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽന, പുതുച്ചേരി സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ എ. രൂപ എന്നിവർക്ക് ശൗര്യചക്ര പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

സായുധ സേനയിലെ 13 പേർക്ക് ശൗര്യചക്ര ഉൾപ്പെടെ ആകെ 70 പേർക്കാണ് ഇത്തവണ വീര സൈനിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചത്. ഇതിൽ വീരമൃത്യു വരിച്ച ആറ് സൈനികരും ഉൾപ്പെടുന്നു. അതിർത്തി കാക്കുന്നതിലും ശാസ്ത്ര മേഖലയിലും അസാമാന്യ ധീരതയും സേവനവും കാഴ്ചവെച്ചവരെയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്.

More Stories from this section

family-dental
witywide