
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ഏഷ്യൻ ഓഹരി വിപണികളിൽ വൻ തകർച്ച തുടരുന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പ്രമുഖ വിപണികളെല്ലാം കൂപ്പുകുത്തി.
കോസ്പി സൂചിക 12% ലധികം ഇടിഞ്ഞു. ഇതോടെ ദക്ഷിണ കൊറിയൻ വിപണിയിൽ ട്രേഡിംഗ് താൽക്കാലികമായി നിർത്തിവെച്ചു. കൊറിയൻ കറൻസിയായ ‘വോൺ’ 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ജപ്പാനിലെ നിക്കി സൂചിക 2.5% മുതൽ 3.1% വരെ ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യയിലാകട്ടെ സെൻസെക്സ് 1,800 പോയിന്റിലധികം ഇടിഞ്ഞു, നിക്ഷേപകർക്ക് ഏകദേശം 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ബുധനാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടു. ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 92 എന്ന നിലവാരം മറികടന്നു. രാവിലെ 10:40-ഓടെ രൂപ ഡോളറിനെതിരെ 92.17 എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
സംഘർഷം എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെൻ്റ് ക്രൂഡ് വില ഈ ആഴ്ച 13% വർദ്ധിച്ച് ബാരലിന് 82.08 ഡോളറിലെത്തി ഗ്യാസ് വിലയിൽ 30% വർധനവുണ്ടായി. ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയിലിൻ്റെ 46% വും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടഞ്ഞ നിലയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ധന ഇറക്കുമതിയെ പൂർണ്ണമായും ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങൾക്ക് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വിപണിയിലെ അനിശ്ചിതത്വം കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ മാറിയതോടെ സ്വർണ്ണവില ഉയർന്ന നിലവാരത്തിൽ തുടരുന്നു.
യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം നീണ്ടുനിന്നാൽ ആഗോള വിപണിയിൽ കൂടുതൽ അസ്ഥിരതയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഘർഷം നീണ്ടുനിൽക്കുന്നത് പണപ്പെരുപ്പം (inflation) വർദ്ധിപ്പിക്കുമെന്നും ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്നത് തടയുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു.
Asian markets continue to fall as conflict continues, Sensex falls over 1,800 points, investors lose Rs 12 lakh crore













