വെനസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിനെ തുടർന്ന് ആഗോള വിപണികളിൽ ആശങ്കയുണ്ടായെങ്കിലും ഏഷ്യൻ ഓഹരികൾ തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. അതേസമയം, എണ്ണവിലയിൽ നേരിയ ഇടിവ് തുടരുകയാണ്.വർഷത്തിലെ ആദ്യ പൂർണ വ്യാപാരവാരത്തിൽ പുറത്തുവരാനിരിക്കുന്ന പ്രധാന സാമ്പത്തിക കണക്കുകൾക്കാണ് നിക്ഷേപകർ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
ജപ്പാനെ ഒഴിവാക്കിയ ഏഷ്യ-പസഫിക് ഓഹരികളുടെ MSCI സൂചിക 0.3 ശതമാനം ഉയർന്നു. എസ് & പി 500 ഇ-മിനി ഫ്യൂച്ചറുകൾ 0.1 ശതമാനം നേട്ടം രേഖപ്പെടുത്തി. ശനിയാഴ്ച അമേരിക്ക വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുകയും പിന്നാലെ, വെനസ്വേലയെ താൽക്കാലികമായി അമേരിക്കൻ നിയന്ത്രണത്തിലാക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവം ആഗോള സാമ്പത്തിക രംഗത്ത് ഉടൻ വലിയ പ്രതിഫലനം ഉണ്ടാക്കില്ലെന്ന് ക്യാപിറ്റൽ ഇക്കണോമിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് നീൽ ഷിയറിംഗ് അഭിപ്രായപ്പെട്ടു.
വെനസ്വേലയിലെ എണ്ണ ഉത്പാദനം വർധിപ്പിക്കാൻ വലിയ സഹായവും നിക്ഷേപവും ആവശ്യമുണ്ടാകുമെന്ന് ബിസിഎ റിസർചിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് മാർക്കോ പാപിച്ച് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എണ്ണവില കുത്തനെ ഇടിയാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.പ്രാദേശിക വിപണികളിൽ ജപ്പാനിലെ നിക്കെയ് 225 സൂചിക 2.5 ശതമാനം ഉയർന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 2 ശതമാനം ഉയർന്ന് പുതിയ റെക്കോർഡ് രേഖപ്പെടുത്തി.
ആറ് പ്രധാന കറൻസികളോട് ഡോളറിന്റെ ശക്തി അളക്കുന്ന യുഎസ് ഡോളർ ഇൻഡക്സ് 0.1 ശതമാനം ഉയർന്ന് 98.55 ആയി. യുഎസ് 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 4.187 ശതമാനമായി. സ്വർണം 1 ശതമാനം ഉയർന്ന് ഔൺസിന് 4,371.29 ഡോളറിലെത്തി. ക്രിപ്‌റ്റോ വിപണിയിൽ ബിറ്റ്‌കോയിൻ 0.2 ശതമാനം ഉയർന്ന് 91,452.90 ഡോളറിലാണുള്ളത്. ഇഥർ വിലയിൽ മാറ്റമില്ലാതെ 3,141.29 ഡോളറിലാണ് വ്യാപാരം.
Asian stocks opened higher and oil prices were choppy on Monday















