
ന്യൂഡൽഹി: റഷ്യൻ മിലിട്ടറി ഇൻ്റലിജൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് ആയ ലെഫ്റ്റനൻ്റ് ജനറൽ വ്ളാഡിമിർ അലക്സെയേവിന് നേരെ മോസ്കോയിൽ വധശ്രമം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ മോസ്കോയിലെ വോലോകോലംസ്കോയ് ഹൈവേയിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് റഷ്യൻ അന്വേഷണ സമിതി സ്ഥിരീകരിച്ചു.
വേഷംമാറി എത്തിയ അക്രമി ജനറൽ അലക്സെയേവിനെതിരെ പലതവണ വെടിയുതിർത്തു. അദ്ദേഹം നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയുതിർത്ത ശേഷം ഓടിരക്ഷപ്പെട്ട അക്രമിയെ കണ്ടെത്താനായി റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ‘കൊലപാതക ശ്രമത്തിന്’ കേസെടുത്തിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചുവെങ്കിലും യുക്രെയ്ൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് രംഗത്തെ പ്രധാനിയായ അലക്സെയേവ്, യുക്രെയ്ൻ യുദ്ധത്തിലും സിറിയയിലെ സൈനിക നീക്കങ്ങളിലും നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്.
Assassination attempt on Russian lieutenant general in Moscow; Russia says Ukraine behind it














