
തിരുവനന്തപുരം : നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന് സൂചനകൾ.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായി നീക്കിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രേംകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിലേക്ക് ചേരുമെന്ന ചർച്ചകൾ സജീവമായത്.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലുമായി അദ്ദേഹം ഫോണിൽ സംസാരിച്ചതായും പ്രാദേശിക കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പ്രേംകുമാറിൻ്റെ സ്വന്തം നാടുകൂടിയായ കഴക്കൂട്ടത്ത് അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം പ്രാഥമികമായി ആലോചിക്കുന്നത്. എന്നാൽ അരുവിക്കര, നെയ്യാറ്റിൻകര, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളും പരിഗണനയിലുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
താൻ കലാലയ പഠനകാലത്ത് കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയത് രാഷ്ട്രീയ പ്രവേശനത്തിൻ്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
Assembly elections: Actor and former president of the Chalachitra Academy Premkumar to be UDF candidate in Kazhakoottam, report















