സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടത്തില്‍ പട്ടികയില്‍ 50 ലേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്ന് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗേ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, രാവിലെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ഭാരവാഹി ചര്‍ച്ചയും ഇന്നും തുടരും. കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുമായുള്ള ചര്‍ച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികളുമായാണ് ഇന്ന് കൂടിക്കാഴ്ച നടക്കുക. ഓരോരുത്തരേയും വെവ്വേറെ കണ്ടാണ് സാദിഖലി തങ്ങള്‍ വിവരം തേടുന്നത്.
മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വെങ്ങരയില്‍ കെ.എം ഷാജിയേ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും തീരുമാനം ആയിട്ടുണ്ട്.
Assembly elections; Congress may announce first phase candidate list today












