
ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നിന്ന് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയി. സഭാ നടപടികളുടെ തുടക്കത്തിൽ ദേശീയഗാനം ആലപിക്കാത്തത് അതിനെ അനാദരിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് അദ്ദേഹം നയപ്രഖ്യാപന പ്രസംഗം നടത്താതെ സഭ വിട്ടത്.
സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തിന്’ ശേഷം ദേശീയഗാനം ആലപിക്കണമെന്ന തന്റെ ആവശ്യം സ്പീക്കർ നിരസിച്ചതിൽ പ്രതിഷേധിച്ചാണ് ഗവർണർ ഇറങ്ങിപ്പോയത്. ദേശീയഗാനത്തെ സഭ അനാദരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. താൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മൈക്ക് തുടർച്ചയായി ഓഫാക്കിയെന്നും തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഗവർണർ വ്യക്തമാക്കി.
അതേസമയം, സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ തെറ്റായ വിവരങ്ങളുണ്ടെന്നും ദളിതർക്കെതിരായ അതിക്രമങ്ങൾ പോലുള്ള പ്രധാന വിഷയങ്ങൾ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം പ്രസംഗം വായിക്കാൻ തയ്യാറായില്ല.
ഗവർണറുടെ നടപടി സഭാ പാരമ്പര്യങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിമർശിച്ചു. ഗവർണർ വായിക്കാതിരുന്ന പ്രസംഗത്തിന്റെ അംഗീകരിച്ച പകർപ്പ് സഭാ രേഖകളിൽ ഉൾപ്പെടുത്താൻ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.
2023, 2024, 2025 വർഷങ്ങളിലും സമാനമായ കാരണങ്ങളാൽ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്.
2023 ജനുവരിയിൽ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിലെ ‘ദ്രാവിഡ മോഡൽ’ ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ അദ്ദേഹം ഒഴിവാക്കി വായിച്ചതിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം അന്ന് സഭ വിട്ടത്.
2024 ൽ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചും, ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ചും ഗവർണർ പ്രസംഗം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും അത് വായിക്കുന്നത് ഭരണഘടനാപരമായ ലംഘനമാണെന്നും അദ്ദേഹം അന്ന് വാദിച്ചു.
2025 ൽ സഭാ നടപടികളുടെ തുടക്കത്തിൽ ദേശീയഗാനം ആലപിക്കണമെന്ന തന്റെ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് ഗവർണർ നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഒഴിവാക്കി സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ദേശീയഗാനത്തെ അനാദരിച്ചുവെന്ന് ആരോപിച്ച് ‘വളരെയധികം വേദനയോടെയാണ്’ താൻ സഭ വിട്ടതെന്ന് അദ്ദേഹം പിന്നീട് പ്രസ്താവിച്ചു.
Assembly session begins without national anthem; Tamil Nadu Governor R.N. Ravi leaves without delivering policy speech














