ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം; നിവേദ്യം കഴിഞ്ഞ് ഭക്തലക്ഷങ്ങൾ മടങ്ങി

തിരുവനന്തപുരത്തെ ഭക്തിയുടെ കടലാക്കി മാറ്റിയ ആറ്റുകാൽ പൊങ്കാല മഹോത്സവം നിവേദ്യ സമർപ്പണത്തോടെ സമാപിച്ചു. ഉച്ചയ്ക്ക് 2.15-ഓടെ ക്ഷേത്രത്തിൽ നിന്നും നിയോഗിക്കപ്പെട്ട മുന്നൂറ്റി എൺപതോളം പൂജാരിമാർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകളിൽ തീർത്ഥം തളിച്ച് നിവേദ്യം പൂർത്തിയാക്കി. പായസവും തെരളിയപ്പവും മൺകലങ്ങളിൽ തിളച്ചുതൂകിയപ്പോൾ പ്രാർത്ഥനാനിർഭരമായ മനസ്സുമായി കാത്തിരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് അതൊരു പുണ്യനിമിഷമായി. നിവേദ്യ ചടങ്ങുകൾക്ക് പിന്നാലെ മനസ്സ് നിറഞ്ഞ് മടങ്ങിയ ഭക്തർ ഇനി അടുത്ത വർഷത്തെ ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ്.

രാവിലെ 9.45-ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് അനന്തപുരിയെ യാഗഭൂമിയാക്കിയ പൊങ്കാലയ്ക്ക് തുടക്കമായത്. കത്തുന്ന വെയിലിനെ പോലും അവഗണിച്ച് നഗരത്തിലെ ഇടവഴികളിലും വീട്ടുമുറ്റങ്ങളിലും ഭക്തർ തങ്ങളുടെ പ്രിയപ്പെട്ട ദേവിക്കായി നിവേദ്യമൊരുക്കി. ക്ഷേത്രപരിസരത്ത് അനുഭവപ്പെട്ട വൻ തിരക്ക് നിയന്ത്രിക്കാൻ പോലീസും സന്നദ്ധ സംഘടനകളും അഹോരാത്രം പരിശ്രമിച്ചു. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭക്തർക്കായി വിപുലമായ ഭക്ഷണ-കുടിവെള്ള വിതരണവും നഗരത്തിന്റെ പല ഭാഗങ്ങളിലായി ഒരുക്കിയിരുന്നു.

ചന്ദ്രഗ്രഹണ സമയം കണക്കിലെടുത്ത് ഇത്തവണത്തെ പൊങ്കാല ചടങ്ങുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമുണ്ട്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി. ഭക്തിയുടെയും സമർപ്പണത്തിന്റെയും സന്ദേശമുയർത്തി ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ ആറ്റുകാൽ പൊങ്കാല ഇത്തവണയും ചരിത്രമായി മാറി.

Attukal Pongala Concludes: Devotees Return After Offering Prayers at the World’s Largest Women’s Gathering

More Stories from this section

family-dental
witywide