യാത്രക്കാർക്ക് വലിയ ആശ്വാസം, വിമാനടിക്കറ്റ് റദ്ദാക്കലിൽ വൻ ഇളവുകൾ; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന രീതിയിൽ വിമാനടിക്കറ്റ് റദ്ദാക്കൽ (Cancellation) നിയമങ്ങളിൽ വ്യോമയാന മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ വരുത്തി. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ ഇനി മുതൽ ക്യാൻസലേഷൻ ചാർജ് നൽകേണ്ടതില്ല. എന്നാൽ, ആഭ്യന്തര യാത്രകൾക്ക് ചുരുങ്ങിയത് 7 ദിവസം മുൻപും അന്താരാഷ്ട്ര യാത്രകൾക്ക് 15 ദിവസം മുൻപും ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ നൽകുന്നതിലും (Refund) കർശനമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഒരാഴ്ചയ്ക്കുള്ളിലും, ട്രാവൽ ഏജന്റുമാർ വഴിയാണെങ്കിൽ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും പണം തിരികെ നൽകണം. എയർലൈൻസ് ഓഫീസുകളിൽ നിന്ന് നേരിട്ട് പണം നൽകിയെടുത്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി പണം തിരികെ നൽകണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്. കൂടാതെ, ടിക്കറ്റ് റദ്ദാക്കുമ്പോൾ യൂസർ ഡെവലപ്‌മെന്റ് ഫീ (UDF), എയർപോർട്ട് ഡെവലപ്‌മെന്റ് ഫീ (ADF) എന്നിവയും യാത്രക്കാരന് തിരികെ നൽകണം.

ബുക്കിംഗ് സമയത്ത് തന്നെ ക്യാൻസലേഷൻ ഫീ എത്രയായിരിക്കുമെന്ന് യാത്രക്കാരെ കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ചാർജുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനും യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുമാണ് ഈ നടപടി. പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വിമാനയാത്ര കൂടുതൽ സുതാര്യവും യാത്രക്കാർക്ക് സാമ്പത്തികമായി ലാഭകരവുമാകുമെന്നാണ് കരുതപ്പെടുന്നത്.

More Stories from this section

family-dental
witywide