
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അനാവശ്യ യാത്രകൾ ഒഴിവാക്കാനും അതീവ ജാഗ്രത പാലിക്കാനും ഇസ്രയേലിലെ ഇന്ത്യൻ എംബസി വഴി നിർദ്ദേശിച്ചിട്ടുണ്ട്.
ഇസ്രയേലിനുള്ളിലെ അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും സുരക്ഷിതമായി തുടരാനും നിർദ്ദേശമുണ്ട്. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ് സന്ദർശിക്കാനോ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാനോ നിർദ്ദേശമുണ്ട്. യുദ്ധസാഹചര്യം മാറുന്നതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഇറാനിലെ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി. ഇറാനെ ആക്രമിക്കാൻ യുഎസ് തയാറെടുക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആക്രമണമുണ്ടായാൽ, യുഎസ് സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഇറാന്റെ ആക്രമണം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ ഇസ്രയേൽ സുരക്ഷ ശക്തമാക്കിയിരുന്നു.
Avoid travel to Israel, exercise extreme caution – Indian Embassy advises














