
അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ നിർണ്ണായക ഭരണമാറ്റം. രാജ്യത്തിന്റെ താത്കാലിക പരമോന്നത ഭരണത്തലവനായി ആത്മീയ നേതാവായ ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു. ഖമനേയിയുടെ വിശ്വസ്തനും പ്രമുഖ പണ്ഡിതനുമായ അറാഫി, പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെയുള്ള കാലയളവിൽ ഭരണപരമായ ചുമതലകൾ വഹിക്കുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
ഭരണകൂടത്തിലെ മാറ്റത്തിന് പിന്നാലെ സൈനിക തലപ്പത്തും ഇറാൻ അഴിച്ചുപണി നടത്തി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പുതിയ തലവനായി മുൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദിയെ നിയമിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം ശക്തമാക്കുന്നതിനിടയിലാണ് സൈന്യത്തിന് പുതിയ കമാൻഡറെ നിശ്ചയിച്ചിരിക്കുന്നത്. പരിചയസമ്പന്നനായ വാഹിദിയുടെ വരവ് ഇറാന്റെ പ്രതിരോധ തന്ത്രങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഭരണ-സൈനിക നേതൃത്വങ്ങളിൽ ഇത്ര പെട്ടെന്ന് മാറ്റങ്ങൾ വരുത്തിയത് ഇറാന്റെ തകർച്ച ഒഴിവാക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഖമനേയിയുടെ മരണത്തോടെ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുന്നത് തടയുകയാണ് അറാഫിയുടെയും വാഹിദിയുടെയും പ്രധാന ദൗത്യം. അതേസമയം, പുതിയ നേതൃത്വത്തിന് കീഴിൽ അമേരിക്കയോടുള്ള നിലപാട് ഇറാൻ കൂടുതൽ കടുപ്പിക്കാനാണ് സാധ്യത. പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിന്റെ സൂചനയാണിത്.
Ayatollah Arafi Named Interim Supreme Leader; Ahmad Vahidi to Lead IRGC as Iran Restructures











