
ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വലിയ വിജയാത്മവിശ്വാസം പ്രകടിപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടുമെന്നും ജനങ്ങൾ തന്നെ സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം, അടുത്ത അഞ്ചുവർഷവും താൻ ഗുരുവായൂരിൽ സജീവമായി ഉണ്ടാകുമെന്നും വ്യക്തമാക്കി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദനെതിരെ ഗോപാലകൃഷ്ണൻ കടുത്ത വിമർശനമുന്നയിച്ചു. മുസ്ലിം ലീഗിൽ ചേർന്ന ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ പ്രചാരണ വേളയിൽ ഗോപാലകൃഷ്ണൻ നടത്തിയ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്നാണ് കോടതി ആരാഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്തതായും നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഇടപെടൽ.
B Gopalakrishnan confident of win in Guruvayur; slams Njeralathu Harigovindan over IUML entry












