
ഗുരുവായൂർ: വിവാദമായ ഹിന്ദു എംഎൽഎ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് ഗുരുവായൂർ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെങ്കിൽ താനും മതേതരവാദിയാണെന്ന് പരിഹാസരൂപത്തിൽ അദ്ദേഹം പ്രസ്താവിച്ചു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: “മുസ്‌ലിം ലീഗ് മതേതരമാണെങ്കിൽ ഞാനും മതേതരവാദിയാണ്. അതുപോലെ, ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി. സതീശനും കോൺഗ്രസും മതേതരവാദികളാണെങ്കിൽ ഞാനും മതേതരവാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരമാണെങ്കിൽ ഞാനും മതേതരവാദിയാണ്.”
ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി. സതീശന് എന്ത് തരം ധാരണയോ ഡീലോ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ എൻഡിഎഫിനും പോപ്പുലർ ഫ്രണ്ടിനും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് പിണറായി വിജയനാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, പിഡിപി തുടങ്ങിയ സംഘടനകളുമായി പിണറായി വിജയനും വി.ഡി. സതീശനും നടത്തിയിട്ടുള്ള രഹസ്യ ധാരണകളും ബന്ധങ്ങളും പുറത്തുവിടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ നടത്തിയ പരാമർശങ്ങളിൽ നിന്ന് ഒരടി പോലും പിന്മാറില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ പൂർണമായും ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.













