
ന്യൂഡൽഹി: പാക് ഭരണകൂടത്തിനെതിരെ വൻ വെളിപ്പെടുത്തൽ നടത്തി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മിർ യാർ ബലൂച്. ബലൂചിസ്ഥാനിൽ പാക് സൈന്യം ഏകദേശം 40 പള്ളികൾ തകർത്തതായി 2026 ജനുവരി 19-ന് അദ്ദേഹം പ്രസ്താവിച്ചു. പള്ളികൾക്ക് നേരെ ബോംബാക്രമണം നടത്തുക, ഖുർആൻ കത്തിക്കുക, പള്ളികളിലെ മൗലവിമാരെ തട്ടിക്കൊണ്ടുപോകുക തുടങ്ങിയ ക്രൂരതകൾ പാക് സേന നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാൻ്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതായിരുന്നു ബലൂച് നേതാവിൻ്റെ വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ പള്ളികളെ ഇന്ത്യ പ്രൊഫൈൽ ചെയ്യുന്നു എന്ന പാകിസ്ഥാൻ്റെ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. സ്വന്തം രാജ്യത്തെ പള്ളികൾ തകർക്കുന്ന പാകിസ്ഥാന് ഇന്ത്യയെ വിമർശിക്കാൻ അവകാശമില്ലെന്നായിരുന്നു അദ്ദേഹം വിമർശിച്ചത്.
പാക് സൈന്യത്തിൻ്റെ ആദ്യ ഇര കലാനിലെ ഖാൻ്റെ പള്ളിയായിരുന്നുവെന്നും, ടാങ്കുകളും പീരങ്കികളും ഉപയോഗിച്ചുള്ള ആക്രമണത്തിൻ്റെ പാടുകൾ ഇന്നും അവിടെ കാണാമെന്നും മിർ യാർ ബലൂച് ചൂണ്ടിക്കാട്ടി. ബലൂചിസ്ഥാനിലെ പാക് അടിച്ചമർത്തലുകൾക്കെതിരെ ഇന്ത്യയുടെ സജീവ ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കണമെന്നും ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഖ്യം മേഖലയ്ക്ക് ഭീഷണിയാണെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ ഒരു “ഭീകര രാഷ്ട്രമാണ്” എന്നും “ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉപദ്രവിക്കുന്നതിൽ” പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും സൈന്യം മതപരവും ജിഹാദിസ്റ്റുമായ തീവ്രവാദികളെ ഒരു ഉപകരണമായി ഉപയോഗിക്കുമ്പോൾ പാകിസ്ഥാന് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാൻ കഴിയില്ല,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Baloch leader’s serious revelation against the Pakistani government














