അമേരിക്കയിൽ നിരോധനം: ഈ എഴുത്തുകാരിയുമായി ബിസിനസ് നടത്താൻ കഴിയില്ലെന്ന് ആമസോണിന് നിയമനോട്ടീസ്

ആമസോണിന് നിയമനോട്ടീസ് അയച്ച് പ്രമുഖ ജൂത പൗരാവകാശ സംഘടന. ആമസോണിന്റെ വെബ്‌സൈറ്റിൽ വരാനിരിക്കുന്ന ഒരു പുസ്തകമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ഉപരോധത്തിലുള്ള ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥയുടെ പുസ്തകം വിൽക്കുന്നത് ഫെഡറൽ ഉപരോധ നിയമങ്ങളുടെ ലംഘനമാണെന്നാണ് നാഷണൽ ജൂയിഷ് അഡ്വക്കസി സെന്റർ (NJAC) ആമസോണിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഇറ്റാലിയൻ മനുഷ്യാവകാശ അഭിഭാഷകയായ ഫ്രാൻസെസ്ക അൽബനീസ് അമേരിക്കയിൽ പണമോ മറ്റ് സാമ്പത്തിക നേട്ടങ്ങളോ സ്വീകരിക്കാൻ നിരോധിക്കപ്പെട്ട വ്യക്തിയാണെന്ന് ആമസോണിനെ അറിയിച്ചുവെന്ന് എൻജെഎസി തലവൻ മാർക്ക് ഗോൾഡ്‌ഫെഡർ ട്വിറ്ററിൽ പറഞ്ഞു. പുതിയ പുസ്തകവുമായി ബന്ധപ്പെട്ട് ഉപരോധ ലംഘന സാധ്യതകളെക്കുറിച്ച് ഇന്ന് ഞങ്ങൾ ആമസോണിനും മറ്റുള്ളവർക്കും നോട്ടീസ് നൽകിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏപ്രിലിൽ പുറത്തിറങ്ങാനിരിക്കുന്ന ഹാർഡ്‌കവർ പുസ്തകം നിലവിൽ ആമസോണിൽ മനുഷ്യാവകാശ വിഭാഗത്തിലെ ബെസ്റ്റ്‌സെല്ലറായി പട്ടികപ്പെടുത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ അൽബനീസിനെ അമേരിക്ക ഉപരോധിച്ചതായി റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായി അനധികൃതമായി സഹകരിച്ചെന്നും, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ രാഷ്ട്രീയ-സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നുമാണ് ആരോപണം. ഇത് സെൻസർഷിപ്പല്ലെന്നും മാർക്ക് ഗോൾഡ്‌ഫെഡർ പറഞ്ഞു. പുസ്തകത്തിലെ ഉള്ളടക്കമല്ല പ്രശ്നം, ഉപരോധത്തിലുള്ള ഒരാളുമായി അമേരിക്കൻ കമ്പനികൾ നിയമപരമായി ബിസിനസ് നടത്താനാകുമോയെന്നതാണ് വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.

ആമസോണിനും മറ്റ് വിതരണക്കാർക്കും അയച്ച നിയമനോട്ടീസിൽ, അൽബനീസിന്റെ പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നതിലൂടെ കമ്പനി നേരിട്ട് അവർക്കു സാമ്പത്തിക നേട്ടം നൽകുകയാണെന്ന് ഗോൾഡ്‌ഫെഡർ ചൂണ്ടിക്കാട്ടി. ഇത് വിവരാവകാശ സംരക്ഷണ പരിധിക്ക് പുറത്താണെന്നും, ഇതുവഴി അമേരിക്കൻ ഉപരോധ നിയമപ്രകാരം സിവിൽ ശിക്ഷകൾക്ക് ആമസോൺ വിധേയമാകാമെന്നും നോട്ടീസിൽ പറയുന്നു. പ്രത്യേകമായി അനുമതി ലഭിക്കാതെ ‘സ്പെഷ്യലി ഡിസിഗ്നേറ്റഡ് നാഷണൽസ്’ പട്ടികയിലുള്ളവർക്കു പണമിടപാടുകൾ നടത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസെസ്ക അൽബനീസ് ഫലസ്തീൻ പ്രദേശങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടറാണ്. ഇസ്രായേലിനെതിരെ വംശഹത്യ, സെറ്റ്ലർ കോളോണിയലിസം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് വലിയ വിവാദം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ തെറ്റായതും യഹൂദവിരുദ്ധവുമാണെന്ന് ഇസ്രായേലും അമേരിക്കയും തള്ളിക്കളഞ്ഞിട്ടുണ്ട്. വെസ്റ്റ് ബാങ്കിനെയും ഗാസയെയും സംബന്ധിച്ച ഇസ്രായേൽ നയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വ്യക്തിപരമായ അനുഭവങ്ങളും ഉൾക്കൊള്ളുന്ന “When the World Sleeps: Stories, Words, and Wounds of Palestine”എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് അവർ.

2025 ജൂലൈയിൽ യു.എസ്. ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് (OFAC) അൽബനീസിനെ Specially Designated National (SDN) ആയി പ്രഖ്യാപിച്ചതോടെ, അവരുടെ എല്ലാ ആസ്തികളും താൽപര്യങ്ങളും തടഞ്ഞുവയ്ക്കപ്പെടുന്നുവെന്നും പ്രത്യേക അനുമതിയില്ലാതെ യു.എസ്. കമ്പനികൾക്ക് പണമോ സേവനങ്ങളോ നൽകാൻ കഴിയില്ലെന്നും ഗോൾഡ്‌ഫെഡർ പറഞ്ഞു. ഈ ഉപരോധം ലംഘിച്ചാൽ സിവിൽ, ഭരണപര, ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്നും നിയമനോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Ban in America: Legal notice to Amazon saying they can’t do business with this author

Also Read

More Stories from this section

family-dental
witywide