
ബേപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കലുഷിതമാകുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി. അൻവറും തമ്മിലുള്ള പോരാട്ടം ഇപ്പോൾ പോലീസ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും എത്തിയിരിക്കുകയാണ്. ‘മരുമോനിസം’ ഉൾപ്പെടെയുള്ള പ്രയോഗങ്ങൾ നടത്തി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പി.വി. അൻവറിനെതിരെ റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തന്നെ കൊള്ളക്കാരനെന്ന് വിളിച്ച് അപകീർത്തികരമായ രീതിയിൽ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് പി.വി. അൻവർ മാറാട്, ബേപ്പൂർ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒരു ഹോബിയായി കൊണ്ടുനടക്കുന്ന ആളാണ് അൻവർ എന്നും, മുൻപ് രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും മുഹമ്മദ് റിയാസ് കടന്നാക്രമിച്ചു. രാഷ്ട്രീയ മര്യാദകൾ ലംഘിക്കുന്ന അൻവറിന്റെ പ്രചാരണ ശൈലി ജനങ്ങൾ തിരിച്ചറിയുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം, മുഹമ്മദ് റിയാസിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് പി.വി. അൻവർ ഉയർത്തുന്നത്. നവകേരള സദസ്സിന്റെ പേരിൽ റിയാസ് ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അൻവർ അവകാശപ്പെട്ടു. ആവശ്യമായ ഘട്ടത്തിൽ ഈ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോൾ വ്യക്തിപരമായ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന ആശങ്കയിലാണ് ഇരു മുന്നണികളും.
Battle intensifies in Beypore as Mohammed Riyas and PV Anwar trade personal insults and file police complaints











