9 കോടിക്ക് സ്വന്തമാക്കിയ ബംഗ്ലാദേശ് പേസറിനെ ഒഴിവാക്കണം; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ, നീക്കം ഷാരൂഖ് പ്രതിഷേധം നേരിടുന്നതിനിടെ

മുംബൈ: ഈ വർഷത്തെ ഐപിഎൽ സീസണിന് മുന്നോടിയായി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ 9 കോടി നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമിൽ എടുത്തതോടെ ഷാരൂഖ് ഖാൻ വലിയ പ്രതിഷേധം നേരിടുന്നതിനിടെ നിർണായക നീക്കവുമായി ബിസിസിഐ. മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്നും ഒഴിവാക്കാൻ ബിസിസിഐ ഔദ്യോഗികമായി നിർദ്ദേശിച്ചു. ഇന്നാണ് ഈ സുപ്രധാന നീക്കം ബിസിസിഐ നടത്തിയത്.

ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങളും കണക്കിലെടുത്താണ് മുസ്തഫിസുറിനെ ഒഴിവാക്കാൻ ബിസിസിഐ ആവശ്യപ്പെട്ടത്.

ഡിസംബറിൽ നടന്ന ഐപിഎൽ മിനി ലേലത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ മറികടന്ന് റെക്കോർഡ് തുകയ്ക്ക് കെകെആർ മുസ്തഫിസുറിനെ വാങ്ങിയത്. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും ടീം ഉടമ ഷാരൂഖ് ഖാനും കെകെആറിനുമെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് സംഗീത് സോം ഷാരൂഖ് ഖാനെ “രാജ്യദ്രോഹി” എന്ന് വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ജഗദ്ഗുരു സ്വാമി രാംഭദ്രാചാര്യ ഉൾപ്പെടെയുള്ള ഹൈന്ദവ ആത്മീയ നേതാക്കളും ഷാരൂഖ് ഖാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ഈ തീരുമാനം സ്ഥിരീകരിക്കുകയും നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാണ് ഇത്തരമൊരു നീക്കമെന്ന് അറിയിക്കുകയും ചെയ്തു. മുസ്തഫിസുറിനെ ഒഴിവാക്കുന്ന സാഹചര്യത്തിൽ ടീമിന് പകരം ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്.

BCCI tells Kolkata Knight Riders to drop Bangladesh pacer.

More Stories from this section

family-dental
witywide