ആദായനികുതി വകുപ്പിന്റെ റെയ്ഡിനെതിരെ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയി നൽകിയ ഹർജി തിരക്കിട്ട് പിൻവലിച്ചതിൽ ദുരൂഹത. കൊച്ചിയിലെ ഉദ്യോഗസ്ഥർ ബെംഗളൂരുവിൽ റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഡിസംബർ 16-നാണ് സി.ജെ. റോയിയും എട്ട് കമ്പനികളും കർണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിശദമായ വാദങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ, വെറും രണ്ട് ദിവസത്തിന് ശേഷം ഡിസംബർ 18-ന് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയും കോടതി കേസ് തീർപ്പാക്കുകയുമായിരുന്നു. റെയ്ഡ് സമ്മർദ്ദങ്ങൾക്കിടെ ഹർജി പിൻവലിക്കാനുണ്ടായ സാഹചര്യം അന്വേഷണ നിഴലിലാണ്. ആത്മഹത്യക്ക് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.
സ്വന്തം ഓഫീസിൽ വെടിയുതിർത്ത് മരിക്കുന്നതിന് മുൻപ് സി.ജെ. റോയ് തയ്യാറാക്കിയ ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചു. വിദേശ നിക്ഷേപങ്ങളിൽ നേരിട്ട വൻ തിരിച്ചടികളും പരിശോധനകളെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച അദ്ദേഹം, തന്നെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഒരു ഘട്ടത്തിലും കൈവിടരുത് എന്ന നിർദ്ദേശവും കുറിപ്പിലൂടെ നൽകിയിട്ടുണ്ട്. പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും കുറിപ്പിൽ കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്.
സി.ജെ. റോയിയുടെ മരണവാർത്തയ്ക്ക് പിന്നാലെ കുടുംബം കൊച്ചിയിൽ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവെച്ചത് ഈ കുറിപ്പ് ലഭിച്ചതിനെത്തുടർന്നാണോ എന്ന് വ്യക്തമല്ല. റെയ്ഡും നിയമനടപടികളും കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ, മരണത്തിന് മുൻപുള്ള അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ബിസിനസ് ലോകത്തെ ഞെട്ടിച്ച ഈ വേർപാടിൽ ദുരൂഹതകൾ നീക്കാൻ വിപുലമായ അന്വേഷണമാണ് നടക്കുന്നത്.











