കെപിസിസി താത്കാലിക അധ്യക്ഷനായി ബെന്നി ബഹനാൻ? മത്സരിക്കുന്ന ഡിസിസി അധ്യക്ഷന്മാരുടെ ചുമതലകളിലും മാറ്റം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ചുമതല മറ്റൊരാള്‍ക്ക് കൈമാറുന്നു. കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ബെന്നി ബഹനാന് നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താല്‍ക്കാലിക ചുമതലയിലേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേരും പരിഗണിക്കുന്നുണ്ട്.

മത്സരിക്കുന്ന ഡിസിസി അധ്യക്ഷന്മാരുടെ ചുമതലകളിലും മാറ്റം വരും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിസിസി അധ്യക്ഷ പദവികളിലും താല്‍ക്കാലിക ചുമതല ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.

അതേസമയം, തർക്കം നിലനിൽക്കുന്ന കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.

Benny Behanan as KPCC interim president? Duties of the contesting DCC presidents also changed

More Stories from this section

family-dental
witywide