ഡൽഹി മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്കും വൃത്തിയും ആധുനികതയും പ്രശംസിച്ച് ബ്രിട്ടീഷ് വിനോദസഞ്ചാരി പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹി മെട്രോയെ ലണ്ടൻ അണ്ടർഗ്രൗണ്ടുമായി താരതമ്യം ചെയ്താണ് യാത്രികന്റെ പ്രതികരണം. റോറി പോർട്ടർ എന്ന ബ്രിട്ടീഷ് യാത്രികൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, ഡൽഹി മെട്രോയുടെ ബ്ലൂ ലൈൻ വഴി നടത്തിയ തന്റെ ആദ്യ യാത്രയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്റ്റേഷനിലേക്കുള്ള പ്രവേശനം, സുരക്ഷാ പരിശോധന, ട്രെയിൻ യാത്ര എന്നിവയിലെ അനുഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അരമണിക്കൂർ യാത്രയ്ക്ക് 43 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കെന്നത് തന്നെ അമ്പരപ്പിച്ചുവെന്ന് പോർട്ടർ പറയുന്നു. ലോകത്ത് താൻ യാത്ര ചെയ്ത മെട്രോ സംവിധാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ളതിലൊന്നാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനത്താവള ശൈലിയിലുള്ള സുരക്ഷാ പരിശോധനകൾ യാത്രയെ കൂടുതൽ ക്രമബദ്ധവും സുരക്ഷിതവുമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രെയിൻ എത്തിയപ്പോൾ ആധുനിക രൂപകൽപ്പനയും മെറ്റാലിക് കോച്ചുകളും ശ്രദ്ധയിൽപ്പെട്ടതായി പോർട്ടർ പറഞ്ഞു. കോച്ചുകളുടെ വൃത്തിയും യാത്രയ്ക്കിടെ തിരക്ക് കുറവായതും ഇരിപ്പിടങ്ങൾ സുലഭമായതും അദ്ദേഹത്തെ ആകർഷിച്ചു. “വളരെ വൃത്തിയുള്ളതും എയർ കണ്ടീഷൻ ചെയ്തതും ആധുനികവുമായ മെട്രോ സംവിധാനമാണിത്. ലോകത്തിലെ മികച്ച മെട്രോകളിലൊന്നായിരിക്കും ഇത്. ലണ്ടനേക്കാൾ മികച്ച അനുഭവമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ നഗര ഗതാഗത സംവിധാനങ്ങളുടെ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റ് ഇന്ത്യൻ നഗരങ്ങളിലെ മെട്രോ സംവിധാനങ്ങളും പരീക്ഷിക്കണമെന്ന നിർദേശവും ചിലർ മുന്നോട്ടുവച്ചു.
‘Better than London’; British tourist impressed by Delhi Metro’s low ticket price and cleanliness











