ന്യൂയോർക്കിലെ മേയർ സോഹ്രാൻ മംദാനി 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് അയച്ച കത്തിനോട് പ്രതികരിച്ച് ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ജനപ്രതിനിധികൾ മാനിക്കണമെന്നും അതാണ് പ്രതീക്ഷയെന്നും ഉമർ ഖാലിദ് വിഷയത്തിൽ സൊഹ്റാൻ മംദാനിക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ആദരിക്കുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് പദവിയിൽ ഇരിക്കുന്നവർക്ക് യോജിച്ചതല്ല. ഇത്തരം അഭിപ്രായങ്ങൾക്ക് പകരം തങ്ങൾക്ക് നൽകപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മറുപടി പറഞ്ഞു.
ഈ മാസം ആദ്യം മംദാനി ഖാലിദിന് എഴുതി നൽകിയ കൈയെഴുത്ത് കുറിപ്പിന്റെ ചിത്രം എക്സിൽ പങ്കുവെച്ചിരുന്നു. അതേ ദിവസം തന്നെയാണ് മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയ ഉമർ, കടുപ്പത്തെക്കുറിച്ചുള്ള നിന്റെ വാക്കുകൾ പലപ്പോഴും ഓർക്കാറുണ്ട്. അത് നമ്മെ പൂർണ്ണമായി പിടികൂടാൻ അനുവദിക്കരുതെന്നതിനുള്ള പ്രാധാന്യം കൂടി. നിന്റെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞത് സന്തോഷമായി. എല്ലാവരും നിന്നെ ഓർക്കുകയാണ് എന്ന കുറിപ്പും മംദാനി പങ്കുവെച്ചിരുന്നു.
ഈ കുറിപ്പ് 2025 ഡിസംബറിൽ അമേരിക്കയിൽ എത്തിയ ഖാലിദിന്റെ മാതാപിതാക്കൾക്ക് കൈമാറിയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ജനുവരി 5-ന് 2020ലെ ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും പരാമർശിച്ച കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു.
Better to mind your own responsibilities: India responds to Zohran Mamdani on Umar Khalid issue















