
അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നടപടി അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജിക്കെതിരായ മറ്റ് കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്ന് വ്യക്തമാക്കിയ കോടതി, അദ്ദേഹത്തിന് ഏർപ്പെടുത്തിയിരുന്ന തിരഞ്ഞെടുപ്പ് വിലക്കും നീക്കി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കെ.എം. ഷാജിക്ക് മത്സരിക്കാനുള്ള തടസ്സങ്ങൾ ഒഴിഞ്ഞു.
ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ കെ.എം. ഷാജി നൽകിയ അപ്പീലും, ഷാജിക്ക് വിധിച്ച അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും, അയോഗ്യത നിലനിർത്തണമെന്ന നികേഷ് കുമാറിന്റെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് 2018-ലാണ് ഹൈക്കോടതി ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയത്. ഇതിനെതിരെ ഷാജി നൽകിയ അപ്പീലിൽ സുപ്രീംകോടതി മുൻപ് സ്റ്റേ അനുവദിച്ചിരുന്നു. എം.എൽ.എയായി തുടരാമെങ്കിലും വോട്ടവകാശം ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ സുപ്രീംകോടതി വിധിയോടെ എല്ലാവിധ വിലക്കുകളും നീങ്ങുകയും കെ.എം. ഷാജിക്ക് പൂർണ്ണമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.












