കാറിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്ക്: മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിനും നട്ടെല്ലിനും പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

അപകടത്തിന് ശേഷം നിർത്താതെ പോയ കാർ (KL 01 CJ 0004) മണിയൻപിള്ള രാജുവിൻ്റേതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്ച രാവിലെ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് സമ്മതിച്ച് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം നടന്നതെന്നും, അപ്രതീക്ഷിതമായുണ്ടായ പേടി കാരണമാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. താൻ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് സമ്മതിച്ചു. അമിതവേഗത്തിൽ വന്ന ബൈക്ക് തൻ്റെ കാറിലിടിക്കുകയായിരുന്നുവെന്നും ക്യാൻസർ ബാധിതനായ താൻ ആ നിമിഷം പരിഭ്രാന്തനായതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.

നടൻ്റെ യഥാർത്ഥ പേരായ സുധീർകുമാർ രാജു എന്ന പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ നടൻ്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

Bikers seriously injured in car crash: Maniyanpilla Raju arrested

More Stories from this section

family-dental
witywide