ന്യൂയോർക്ക് / ന്യൂഡൽഹി: യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC) ഫയൽ ചെയ്ത സിവിൽ വഞ്ചനക്കേസിൽ നിയമനോട്ടീസ് സ്വീകരിക്കാൻ വ്യവസായിയായ ഗൗതം അദാനിയും അദ്ദേഹത്തിന്റെ സഹോദരപുത്രൻ സാഗർ അദാനിയും സമ്മതിച്ചതായി കോടതി രേഖകൾ. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് കൈക്കൂലി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണമാണ് കേസിൽ ഉന്നയിച്ചിരിക്കുന്നത്.
ബ്രൂക്ക്ലിനിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ, എസ്‌ഇസിയും അദാനികൾക്കായി ഹാജരായ യുഎസ് ആസ്ഥാനമായ അഭിഭാഷകരും, നിയമനോട്ടീസ് സ്വീകരിക്കുന്നതിൽ ധാരണയിലെത്തിയതായി അറിയിച്ചു. ഇതോടെ നോട്ടീസ് നൽകേണ്ട രീതിയെക്കുറിച്ച് കോടതി ഇനി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ല. കോടതി അനുമതി നൽകിയാൽ, കേസ് തുടർനടപടികളിലേക്ക് കടക്കും. ഇതനുസരിച്ച്, അദാനികൾക്ക് 90 ദിവസത്തിനുള്ളിൽ കേസ് റദ്ദാക്കണമെന്ന ആവശ്യം അല്ലെങ്കിൽ പ്രതിരോധ വാദം സമർപ്പിക്കാം. തുടർന്ന് എസ്‌ഇസിക്ക് 60 ദിവസത്തിനകം മറുപടി നൽകാം. അതിന് ശേഷം പ്രതികൾക്ക് 45 ദിവസത്തിനകം മറുപടി സമർപ്പിക്കാനും അവസരമുണ്ട്.
2024 നവംബറിലാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡുമായി (AGEL) ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകി യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എസ്‌ഇസി കേസ് ഫയൽ ചെയ്തത്. ഇതിന് പുറമെ, ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടുന്നതിനായി 265 മില്യൺ ഡോളറിന്റെ കൈക്കൂലി പദ്ധതിയിൽ പങ്കുണ്ടെന്നാരോപിച്ച് ബ്രൂക്ക്ലിനിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരും കേസ് എടുത്തിട്ടുണ്ട്. എന്നാൽ അദാനി ഗ്രൂപ്പും സ്ഥാപക കുടുംബവും എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്.
അദാനികൾ ഇന്ത്യയിൽ തുടരുന്നതിനാൽ നോട്ടീസ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുകേസുകളും നിലച്ച നിലയിലായിരുന്നു. കഴിഞ്ഞ ആഴ്ച, ഇമെയിൽ വഴിയോ യുഎസിലെ മറ്റ് നിയമ സ്ഥാപനങ്ങൾ വഴിയോ നോട്ടീസ് നൽകാൻ അനുമതി തേടി എസ്‌ഇസി കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് സ്വീകരിക്കാൻ സമ്മതിച്ചത് നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നും എസ്‌ഇസി പരാതി റദ്ദാക്കാൻ അല്ലെങ്കിൽ മറുപടി നൽകാൻ നിയമനടപടി സ്വീകരിക്കുമെന്നും അദാനി ഗ്രീൻ എനർജി അറിയിച്ചു.
ജനുവരി 30, 2026ന് പ്രതികളുടെ അഭിഭാഷകർ ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയുടെ അധികാരപരിധി അംഗീകരിക്കാതെയാണ് നോട്ടീസ് സ്വീകരിക്കാൻ സമ്മതിച്ചതെന്നും, എല്ലാ നിയമപരമായ പ്രതിരോധാവകാശങ്ങളും സംരക്ഷിച്ചിരിക്കുന്നതായും കമ്പനി വ്യക്തമാക്കി. ഗൗതം അദാനിയ്ക്കും സാഗർ അദാനിയ്ക്കുമെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരം കൈക്കൂലിയോ അഴിമതിയോ സംബന്ധിച്ച കുറ്റം ചുമത്തിയിട്ടില്ലെന്നും ഈ കേസുകളിൽ അദാനി ഗ്രീൻ എനർജി ഒരു കക്ഷിയല്ലെന്നും കമ്പനി ആവർത്തിച്ചുവെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Billionaire Gautam Adani and nephew Sagar Adani finally agree to accept notice in US SEC fraud case









