
ന്യൂഡൽഹി: യുക്രെയ്ൻ നേരിടുന്ന ഗുരുതരമായ ജനസംഖ്യാപരമായ പ്രതിസന്ധി മറികടക്കാൻ സൈനികർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിൻ്റെ ഭാഗമായി യുദ്ധരംഗത്തുള്ള സൈനികരുടെ ബീജം ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് യുക്രെയ്ൻ പാർലമെൻ്റ് നിയമം പാസാക്കി.
യുദ്ധത്തിൽ സൈനികർക്ക് പരിക്കേൽക്കുകയോ വന്ധ്യത സംഭവിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ പോലും അവരുടെ പങ്കാളികൾക്ക് കുട്ടികളുണ്ടാകാൻ ഈ പദ്ധതി സഹായിക്കുന്നു. സൈനികൻ മരിച്ചാലും ആ ബീജം ഉപയോഗിക്കാൻ പങ്കാളികളെ അനുവദിക്കുന്ന ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരിച്ച സൈനികരുടെ ബീജം മൂന്ന് വർഷം വരെ സൗജന്യമായി സൂക്ഷിക്കാനും സർക്കാർ പണം നൽകും.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രെയ്നിലെ ജനനനിരക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 2024-ലെ കണക്കുകൾ പ്രകാരം മരണനിരക്ക് ജനനനിരക്കിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. ഈ ‘ജനസംഖ്യാപരമായ ദുരന്തം’ തടയാനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. സർക്കാർ നിയമം വരുന്നതിന് മുൻപ് തന്നെ പല സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്കുകളും സൈനികർക്ക് ഈ സേവനം സൗജന്യമായി നൽകിത്തുടങ്ങിയിരുന്നു.
അതേസമയം, റഷ്യയും സമാനമായ രീതിയിൽ തങ്ങളുടെ സൈനികർക്ക് സൗജന്യ ബീജം മരവിപ്പിക്കൽ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Birth rate drops sharply during Russian occupation; Ukraine to store sperm of soldiers















