
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമിടയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പ്രിയങ്കയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനത്തിൽനിന്ന് ചില ചിത്രങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസിൽ രാഹുലും പ്രിയങ്കയും നേർക്കുനേരെയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.
റെയ്ഹാൻ വാദ്രയുടെ ബിക്കാനീർ ഹൗസിലെ ഫോട്ടോ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതിനോടകം രാഷ്ട്രീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. പ്രദർശനത്തിൽ രാഷ്ട്രീയ ഉള്ളടക്കമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഹാൻ അധികൃതർക്ക് പ്രൊപ്പോസൽ നൽകിയിരുന്നതെങ്കിലും, പിന്നീട് രാഷ്ട്രീയ ചിത്രങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്യാൻ ബിക്കാനീർ ഹൗസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രദീപ് ഭണ്ഡാരി വ്യക്തമാക്കി.
ഒരു വിവാദത്തിലൂടെ മകനെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കാനാണ് പ്രിയങ്ക ഗാന്ധി ശ്രമിച്ചതെന്നും, എന്നാൽ ഇതിൽ രാഹുൽ ഗാന്ധിക്ക് താത്പര്യമില്ലെന്നും ബിജെപി ആരോപിക്കുന്നു. വിയറ്റ്നാമിലിരുന്ന് പല വിഷയങ്ങളിലും ട്വീറ്റ് ചെയ്യുന്ന രാഹുൽ ഗാന്ധി, റെയ്ഹാനെ അനുകൂലിച്ച് ഇതുവരെ ഒരു പോസ്റ്റുപോലും പങ്കുവെച്ചിട്ടില്ലെന്നും ഇത് ഇരുവർക്കുമിടയിലെ ഭിന്നതയാണ് വ്യക്തമാക്കുന്നതെന്നും പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി.
പ്രദർശനത്തിന്റെ പേരിൽ കുടുംബത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസിനുള്ളിലെ അധികാര വടംവലിയുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് ബിജെപിയുടെ വാദം. വിവാദ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡോ മറ്റ് നേതാക്കളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ബിജെപിയുടെ ഈ പുതിയ നീക്കം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
BJP Alleges Rift Between Rahul and Priyanka Gandhi; Claims Rahul Silent on Reyhan’s Photo Exhibition Controversy










