
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ബിജെപി ദേശീയ നേതൃത്വം സജീവമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ പ്രധാന ചുമതലക്കാരനായും കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ സഹചുമതലക്കാരിയായും നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ സ്ഥാനമേറ്റതിന് പിന്നാലെയാണ് കേരളത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ആവേശം സംസ്ഥാനമൊട്ടാകെ എത്തിച്ച് ‘മിഷൻ കേരളം’ യാഥാർത്ഥ്യമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ആഘോഷിക്കാനും വികസന പദ്ധതികൾ പ്രഖ്യാപിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാണ് മോദിയുടെ സന്ദർശനം. തലസ്ഥാന നഗരത്തിനായുള്ള പ്രത്യേക വികസന ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കും. കൂടാതെ, കേരളത്തിൽ നിന്നുള്ള പുതിയ അമൃത് ഭാരത് റെയിൽ സർവീസുകളുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവ്വഹിക്കും. വികസിത തിരുവനന്തപുരം എന്ന മാതൃക മുൻനിർത്തി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തീരുമാനം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി തന്നെ തിരഞ്ഞെടുപ്പ് ചുമതലക്കാരെ പ്രഖ്യാപിച്ചത് പാർട്ടി അണികൾക്ക് വ്യക്തമായ സന്ദേശം നൽകുന്നതിനാണ്. നിതിൻ നബിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ കേരളത്തിലെ നേതാക്കളുമായി കേന്ദ്ര നേതൃത്വം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി കൂടി എത്തുന്നതോടെ കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സംഘടനാ സംവിധാനങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്.












