ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ബിജെപി നേതാവ് ജിജി ജോസഫ്; ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളടക്കം പുറത്തുവിട്ടു

കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിലേക്ക് മുതിർന്ന ബിജെപി നേതാവിന്റെ നിർദേശപ്രകാരം ജിജി തോംസണെ ക്ഷണിച്ചിരുന്നുവെന്നും, താൽപര്യത്തോടെ പരിപാടിയിലെത്തിയ അദ്ദേഹം നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിന്റെ നടപടികളെയും വാനോളം പുകഴ്ത്തി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ 2017 മുതൽ 2020 വരെ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി ജിജി തോംസണ് സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഇതിലും വലിയൊരു സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന സംശയം തനിക്കുണ്ടെന്ന് ജിജി ജോസഫ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് എംപിയാവാനും മന്ത്രിയാവാനും ഗ്യാനേഷ് കുമാർ തന്നോട് നിർദേശിച്ചിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജിജി തോംസൺ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണവും ഫെയ്‌സ്ബുക്ക് കുറിപ്പും പുറത്തുവന്നിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്. കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു. ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം. അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം. ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്‌കാരം

BJP Leader Jiji Joseph Confirms Ex-Chief Secretary Jiji Thomson’s Disclosures

Also Read

More Stories from this section

family-dental
witywide