ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിൽ പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രാധാന്യം നൽകുന്ന പത്രികയിൽ ‘അനധികൃത കുടിയേറ്റം തടഞ്ഞ് രാജ്യസുരക്ഷ ഉറപ്പാക്കും’ എന്നതാണ് പ്രധാന വാഗ്ദാനമായി ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും കന്നുകാലി കടത്ത് തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും ബിജെപി പ്രഖ്യാപിച്ചു.
സ്ത്രീ ശാക്തീകരണത്തിനായി മാസം 3000 രൂപ ധനസഹായവും സർക്കാർ ജോലികളിൽ 33 ശതമാനം സംവരണവും പത്രിക വാഗ്ദാനം ചെയ്യുന്നു. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. 75 ലക്ഷം ‘ലാഖ്പതി ദീദിമാരെ’ സൃഷ്ടിക്കുമെന്നും എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുമെന്നും ബിജെപി ഉറപ്പുനൽകുന്നു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സ്ക്വാഡും ബറ്റാലിയനും രൂപീകരിക്കുന്നതിനൊപ്പം അതിക്രമങ്ങൾ തടയാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും പത്രികയിൽ പറയുന്നു.
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപ സഹായം നൽകുന്നതിനൊപ്പം സംസ്ഥാനത്ത് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്ന നിർണ്ണായക പ്രഖ്യാപനവും അമിത് ഷാ നടത്തി. കേന്ദ്ര സർക്കാർ പദ്ധതികളെല്ലാം ബംഗാളിൽ പൂർണ്ണമായി നടപ്പിലാക്കുമെന്നും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബിജെപി വ്യക്തമാക്കി. ബംഗാളിലെ വോട്ടർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ വികസന പദ്ധതികളാണ് പത്രികയിലൂടെ മുന്നോട്ട് വെച്ചിരിക്കുന്നത്.
BJP releases Bengal election manifesto; promises financial aid for women and UCC














