
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും പൂർണ്ണമായും ഒഴിവാക്കിയാണ് 27 മണ്ഡലങ്ങളിലേക്കുള്ള പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കിയത്. അണ്ണാമലൈ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന കോയമ്പത്തൂർ മേഖലയിലെ സീറ്റുകൾ എഐഎഡിഎംകെ ഏറ്റെടുത്തതോടെ അദ്ദേഹം പട്ടികയ്ക്ക് പുറത്താകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കോയമ്പത്തൂരിൽ ബിജെപിക്ക് ലഭിച്ച ഏക സീറ്റായ കോയമ്പത്തൂർ സൗത്തിൽ വാനതി ശ്രീനിവാസനെയാണ് പാർട്ടി വീണ്ടും നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി മണ്ഡലത്തിൽ നിന്നും നിലവിലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിൽ നിന്നും ജനവിധി തേടും. മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിലും, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ വിജയധാരണി വിളവങ്കോട് മണ്ഡലത്തിലും സ്ഥാനാർത്ഥികളാകും. നിലവിൽ നാല് എംഎൽഎമാരുള്ള ബിജെപി, ഇത്തവണ കരുത്തുറ്റ നേതാക്കളെ അണിനിരത്തി നിയമസഭയിൽ സാന്നിധ്യം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ അണ്ണാമലൈയെപ്പോലൊരു ജനകീയ മുഖത്തെ മാറ്റിനിർത്തിയത് പാർട്ടിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അണ്ണാമലൈയുടെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് ലഭിച്ച മുന്നേറ്റം വോട്ടായി മാറ്റാൻ അദ്ദേഹത്തിന്റെ വിശ്വസ്തർക്ക് സീറ്റ് നൽകണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം തള്ളുകയായിരുന്നു. സീറ്റ് വിഭജന ചർച്ചകളിൽ എഐഎഡിഎംകെയുമായി അണ്ണാമലൈ സ്വീകരിച്ച കടുത്ത നിലപാടുകൾ സഖ്യത്തിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് അദ്ദേഹത്തെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പ്രചാരണ പ്രവർത്തനങ്ങളിലേക്ക് സജീവമായി കടക്കുകയാണ്.
BJP releases Tamil Nadu candidate list; Annamalai and loyalists sidelined while top leaders to contest












