
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ജനുവരി 20-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സ്ഥാനം നിതിൻ നബിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വർക്കിംഗ് പ്രസിഡന്റായ അദ്ദേഹം ജെ.പി. നദ്ദയുടെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്.
ജനുവരി 19-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ പത്രിക സമർപ്പിക്കാം. ജനുവരി 20-ന് പുതിയ അധ്യക്ഷന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. നിതിൻ നബിൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
ബീഹാറിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അദ്ദേഹത്തെ കഴിഞ്ഞ വർഷം ഡിസംബർ 14 ന് പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചു, ഇത് ഭരണകക്ഷിക്കുള്ളിലെ തലമുറമാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ഈ പ്രഖ്യാപനം നടക്കുക. ബിഹാറിൽ നിന്നുള്ള നിതിൻ നബിൻ , ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷന്മാരിൽ ഒരാളായിരിക്കും. ജനുവരി 2026 മുതൽ 2029 വരെ മൂന്ന് വർഷത്തേക്കായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
2019 ജൂണിൽ ജെപി നദ്ദയും ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനാകുകയും, 2020 ജനുവരി 20 ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അദ്ദേഹം അമിത് ഷായ്ക്ക് ശേഷം പാർട്ടിയുടെ ദേശീയ പ്രസിഡന്റായിരുന്നു.













