
തിരുവനന്തപുരം: ബിജെപിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബി-ടീമായി കോൺഗ്രസ് അധഃപതിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെയും ഹരിയാനയിലെയും ബിഹാറിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചത് യുഡിഎഫിൻ്റെ രാഷ്ട്രീയ ഡീൽ മൂലമാണ്. എന്നാൽ ഇടതുമുന്നണി ഇടപെട്ട് ആ അക്കൗണ്ട് പൂട്ടിച്ചു. പഴയ ‘കോലീബി’ സഖ്യത്തെ ഓർമിപ്പിച്ച മുഖ്യമന്ത്രി, സ്വർണക്കടത്ത് പോലുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി. വികസനവും ജനക്ഷേമവുമാണ് സർക്കാരിൻ്റെ ലക്ഷ്യം. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ ഭരണത്തെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ആരോഗ്യരംഗം തകർന്നും പാഠപുസ്തകങ്ങൾ പോലും വിതരണം ചെയ്യാൻ കഴിയാത്ത വിധം വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞും കിടന്ന ഒരു ‘ഇരുണ്ട കാലഘട്ടമായിരുന്നു’ അത്. ആ അവസ്ഥയിൽ നിന്നാണ് കേരളത്തെ പുനർനിർമ്മിക്കാനുള്ള ഉത്തരവാദിത്വം ഇടതുസർക്കാർ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
BJP was able to open its account in Nemam due to the UDF deal, but the Left Front closed that account, says Pinarayi Vijayan











