
മുംബൈ: ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് തടസ്സപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ രാജ്യമെമ്പാടും വിവിധയിടങ്ങളിൽ ബിജെപി പ്രവർത്തകരും അനുഭാവികളും യുവജന വിഭാഗവും വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. മഹാരാഷ്ട്രയിലെ മുളുണ്ടിൽ വെച്ച് ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് നേരെ കരിങ്കൊടി കാട്ടി. ആർഎസ്എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ താനെയിലേക്ക് പോകുന്ന വഴിക്കാണ് രാഹുൽ മുളുണ്ടിലെത്തിയത്. “ലഷ്കർ-ഇ-രാഹുൽ” എന്നതടക്കമുള്ള കോൺഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ രാഹുലിന് നേരെ കരിങ്കൊടി ഉയർത്തിയത്. ഡൽഹി, സൂറത്ത്, മുളുണ്ട്, ഹൈദരാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ബിജെപിയുടെ പ്രതിഷേധം നടക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ എഐ സമ്മിറ്റ് വേദിയിലേക്ക് ഷർട്ട് ധരിക്കാതെ അതിക്രമിച്ചു കയറിയ യൂത്ത് കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചിരുന്നു. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഏർപ്പെടുന്നതിനെതിരെയാണ് ഇവർ പ്രതിഷേധിച്ചത്. സംഭവത്തിൽ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അതിസുരക്ഷാ മേഖലയായ വേദിയിൽ പ്രവേശിക്കാൻ ഇവർ ക്യുആർ കോഡുകൾ സംഘടിപ്പിച്ചിരുന്നതായും പൊലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. കറുത്ത കുടകളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച് ഭാരത് മണ്ഡപത്തിൽ പ്രവേശിക്കാനായിരുന്നു ഇവരുടെ ആദ്യ പദ്ധതിയെന്നും, എന്നാൽ കുടകൾ ഗേറ്റിൽ പിടിച്ചുവെക്കുമെന്ന് മനസ്സിലാക്കിയതോടെ ടീഷർട്ടുകളിൽ സ്റ്റിക്കറുകൾ പതിപ്പിക്കുകയായിരുന്നു എന്നും സൂചനയുണ്ട്.
കോൺഗ്രസിൻ്റെ നടപടി “അങ്ങേയറ്റം ലജ്ജാകരമാണ്” എന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് വിശേഷിപ്പിച്ചു. ഭാരതം ഒരു ആഗോള സാങ്കേതിക ശക്തിയായി മുന്നേറുന്ന സമയത്ത് രാജ്യത്തെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് രാഹുൽ ഗാന്ധി പ്രസ്താവിച്ചു എന്നാരോപിച്ച് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുണ്ടെ നൽകിയ പരാതിയിലാണ് രാഹുലിനെതിരെ അപകീർത്തിക്കേസ് നിലവിലുള്ളത്. ഈ പരാമർശം ആർഎസ്എസിൻ്റെ പ്രതിച്ഛായയെ തകർത്തു എന്നാണ് പരാതിയിൽ പറയുന്നത്.
BJP workers wave black flags at Rahul Gandhi after shirtless Congress workers protest.














