”ബംഗാളിൽ ബിജെപിയുടേത് നിർണായകവും ചരിത്രപരവുമായ വിജയം”: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബംഗാളിലെ ഈ വിജയം ‘നിർണ്ണായകവും ചരിത്രപരവുമാണെന്ന്’ ട്രംപ് വിശേഷിപ്പിച്ചു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് പ്രസിഡൻ്റിൻ്റെ അഭിനന്ദന സന്ദേശം അറിയിച്ചത്.

ഇന്ത്യയെ നയിക്കാൻ മോദിയെപ്പോലൊരു കരുത്തനായ നേതാവിനെ ലഭിച്ചത് ആ രാജ്യത്തിന്റെ ഭാഗ്യമാണെന്നും ട്രംപ് തൻ്റെ സന്ദേശത്തിൽ സൂചിപ്പിച്ചു. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ട്രംപ് ഇന്ത്യയുമായുള്ള സൗഹൃദത്തെയും മോദിയുടെ നേതൃത്വത്തെയും വാനോളം പുകഴ്ത്തിയിരുന്നു.

പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തെ മറികടന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് ബിജെപി ഇത്തവണ അധികാരം പിടിച്ചെടുത്തത്. 294 അംഗ സഭയിൽ 200-ലധികം സീറ്റുകൾ നേടിയാണ് ബിജെപി മുന്നേറ്റം നടത്തിയത്. ഈ വിജയം ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്ത് തെളിയിക്കുന്നതാണെന്നാണ് വിലയിരുത്തൽ.

ബംഗാളിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള വിവിധ നേതാക്കൾ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങളുമായി സമീപിക്കുന്നുണ്ട്. ട്രംപിൻ്റെ അഭിനന്ദനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

‘BJP’s decisive and historic victory in Bengal’: Donald Trump congratulates PM

More Stories from this section

family-dental
witywide