
പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും അവരെ വധിക്കാൻ ഉത്തരവിട്ടതായും വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അറിയിച്ചു. കസ്റ്റഡിയിലുള്ള സൈനികരെ വിട്ടയക്കണമെങ്കിൽ തടവിലാക്കപ്പെട്ട ബലൂച് വിഘടനവാദികളെ കൈമാറണമെന്ന വ്യവസ്ഥയാണ് ബിഎൽഎ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനമാണ് സംഘടന നൽകിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം തടവുകാരെ കൈമാറാൻ തയ്യാറായില്ലെങ്കിൽ സൈനികരുടെ വധശിക്ഷ നടപ്പിലാക്കുമെന്നും ബിഎൽഎ മുന്നറിയിപ്പ് നൽകി.
‘ഓപ്പറേഷൻ ഹെറോഫ്’ (Operation Herof) എന്ന് പേരിട്ട സൈനിക നീക്കത്തിനിടെയാണ് പാക് സൈനികരെ തങ്ങൾ പിടികൂടിയതെന്ന് ബിഎൽഎ അവകാശപ്പെടുന്നു. ആകെ 17 സൈനികരെയാണ് തങ്ങൾ കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ പ്രാദേശിക പോലീസിന്റെ ഭാഗമായ 10 ബലൂച് വംശജരെ താക്കീത് നൽകി വിട്ടയച്ചതായും ഇവർ വ്യക്തമാക്കി. ബാക്കിയുള്ള ഏഴ് പേർ പാക്കിസ്ഥാൻ സൈന്യത്തിലെ റെഗുലർ യൂണിറ്റുകളിൽ നിന്നുള്ളവരാണെന്നും ഇവർക്കെതിരെ ബലൂച് കോടതി വിചാരണ നടത്തി വധശിക്ഷ വിധിച്ചതായും ബിഎൽഎയുടെ മാധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബലൂചിസ്ഥാൻ മേഖലയിലെ സാധാരണക്കാർക്കെതിരെയുള്ള അതിക്രമങ്ങൾക്കും നിർബന്ധിത തിരോധാനങ്ങൾക്കും കൂട്ടുനിന്നു എന്നതാണ് സൈനികർക്കെതിരെ ഇവർ ചുമത്തിയിരിക്കുന്ന കുറ്റം. തടവുകാരെ കൈമാറാനുള്ള മുൻപത്തെ വാഗ്ദാനങ്ങളോട് പാക് അധികൃതർ പ്രതികരിച്ചില്ലെന്നും ഇത്തവണയും വിട്ടുവീഴ്ചയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ബിഎൽഎ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു. ഈ പുതിയ ഭീഷണി പാക്കിസ്ഥാനിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
BLA Captures Seven Pakistan Soldiers; Issues 7-Day Ultimatum for Prisoner Swap















