
പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിലെ തർലായ് മേഖലയിലുള്ള പള്ളിയിലാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന കഴിഞ്ഞ് വിശ്വാസികൾ പുറത്തേക്ക് ഇറങ്ങുന്ന സമയത്തായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിൽ ഇരുന്നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തെത്തുടർന്ന് നഗരത്തിലെ പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.
സംഭവത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സർദാരിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു. ഇതുവരെ ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമാബാദ് പോലീസ് പ്രദേശം വളയുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Blast at Mosque in Islamabad more than 30 Killed Dozens Injured














