
ധാക്ക: വ്യാഴാഴ്ച നടന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (BNP) വൻ വിജയം നേടി. ഇതോടെ പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ആകെയുള്ള 300 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 151 സീറ്റുകൾ ബിഎൻപി ഒറ്റയ്ക്ക് മറികടന്നു. ബിഎൻപി നയിക്കുന്ന സഖ്യം 209-ലധികം സീറ്റുകൾ നേടി വൻ ഭൂരിപക്ഷം കരസ്ഥമാക്കിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ മത്സരിച്ച ധാക്ക-17, ബോഗ്ര-6 എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
17 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തിയത്. നിലവിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ഫെബ്രുവരി 15-നും 18-നും ഇടയിൽ അധികാരം കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി ആണ് തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് അകറ്റി നിർത്തപ്പെട്ട തന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന 60 കാരനായ താരിഖ് റഹ്മാൻ പറഞ്ഞു. വിജയാഘോഷ പ്രകടനങ്ങൾ ഒഴിവാക്കാനും രാജ്യത്തിന്റെ നന്മയ്ക്കായി പ്രാർത്ഥനകൾ നടത്താനും താരിഖ് റഹ്മാൻ അണികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചത്. സർക്കാർ ജോലികളിലെ സംവരണ വിരുദ്ധ പ്രക്ഷോഭമായാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. സമാധാനപരമായി തുടങ്ങിയ സമരം പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയും, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ഗണഭവൻ’ ലക്ഷ്യമാക്കി മാർച്ചും പ്രഖ്യാപിച്ചു. പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെ 2024 ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിലേക്ക് കടന്നു. ഇതിനുശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ അധികാരമേൽക്കുകയും രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് നയിക്കുകയും ചെയ്തു.
BNP wins landslide victory in Bangladesh general election; Tariq Rahman to be next PM?














