
ന്യൂഡൽഹി: ബൊളീവിയൻ തലസ്ഥാനമായ ലാ പാസിനടുത്തുള്ള എൽ ആൾട്ടോയിൽ വെള്ളിയാഴ്ച ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാന്താക്രൂസ് നഗരത്തിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം ലാൻഡിംഗിന് ശേഷം റൺവേയിൽ നിന്ന് വഴുതിമാറി അടുത്തുള്ള ഒരു വലിയ പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാദേശിക അധികൃതർ നൽകുന്ന വിവരം. ബൊളീവിയൻ സെൻട്രൽ ബാങ്കിൻ്റെ പുതുതായി അച്ചടിച്ച നോട്ടുകൾ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് നോട്ടുകൾ റോഡിൽ ചിതറിക്കിടക്കുകയും, ആളുകൾ ഇത് ശേഖരിക്കാൻ തടിച്ചുകൂടിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്തു. ആളുകളെ പിരിച്ചുവിടാൻ അധികൃതർക്ക് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കേണ്ടി വന്നു. ചിതറിക്കിടന്ന നോട്ടുകൾക്ക് ഔദ്യോഗിക സീരിയൽ നമ്പറുകൾ ഇല്ലാത്തതിനാൽ അവയ്ക്ക് നിയമപരമായ മൂല്യമില്ലെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.

വിമാനം തിരക്കേറിയ പാതയിലേക്ക് വീണതിനെത്തുടർന്ന് അവിടെയുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് എൽ ആൾട്ടോ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതായി ദേശീയ എയർലൈനായ ‘ബൊളീവിയാന ഡി ഏവിയേഷൻ’ അറിയിച്ചു. തകർന്ന വിമാനം തങ്ങളുടെ ഫ്ലീറ്റിൽപ്പെട്ടതല്ലെന്നും ദേശീയ എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.
#Watch | Bolivian Military Plane Carrying Banknotes Crashes, 15 Deadhttps://t.co/aN4VsZkA2c pic.twitter.com/xphOYO81of
— NDTV (@ndtv) February 28, 2026
Bolivian Air Force Hercules plane crashes, 15 dead.















