കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിൻ്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണു; മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്റെ തിണ്ണയില്‍ വിശ്രമിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ക്ക് മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നു അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടസമയത്ത് കെട്ടിടത്തില്‍ 7 പേരായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പേര്‍ രക്ഷപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചേങ്കിലും മൂന്ന് പേർ മരിച്ചിരുന്നുകോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്. മേയര്‍ ഒ സദാശിവന്‍ സംഭവസ്ഥലത്ത് എത്തി പരിശോധിച്ച് നടപടി എടുക്കുമെന്ന് അറിയിച്ചു.

Building collapses in Valiyangadi, Kozhikode; three dead