
വിജയവാഡ: ആന്ധ്രപ്രദേശിലെ മാർക്കാപുരം ജില്ലയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ വൻ അപകടത്തിൽ 14 പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെ രായവരത്തിന് സമീപമാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്ന് പാമുരുവിലേക്ക് വരികയായിരുന്ന ‘ഹരികൃഷ്ണ ട്രാവൽസിൻ്റെ’ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുമായി ബസ് നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനും ലോറിക്കും ഉടൻതന്നെ തീപിടിച്ചു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നതിനാൽ യാത്രക്കാർക്ക് പുറത്തുകടക്കാനായില്ല. മരിച്ചവരിൽ മിക്കവരും ബസിനുള്ളിൽ വെന്തുമരിക്കുകയായിരുന്നു. 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും തെലങ്കാനയിലെ വിവിധയിടങ്ങളിൽ നിന്ന് ആന്ധ്രയിലേക്ക് മടങ്ങിയ തൊഴിലാളികളാണെന്ന് കരുതപ്പെടുന്നു.
അപകടത്തിൽ 25-ഓളം പേർക്ക് പരുക്കേറ്റു. ഇവരെ മാർക്കാപുരത്തെ സർക്കാർ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ പത്തുപേരുടെ നില അതീവ ഗുരുതരമാണ്.
അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രണ്ട് വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു.
സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Bus and tipper lorry collide in Andhra Pradesh, catches fire; 14 people burnt to death















