ഏകദേശം 17,000 കുടിയേറ്റ വ്യാപാര വാഹന (കോമേർഷ്യൽ) ഡ്രൈവർ ലൈസൻസുകൾ റദ്ദാക്കുന്ന നടപടി മാർച്ച് വരെ മാറ്റിവയ്ക്കുമെന്ന് കാലിഫോർണിയ സംസ്ഥാന സർക്കാർ. കുടിയേറ്റ അവകാശ സംഘടനകൾ ലൈസൻസ് റദ്ദാക്കലിനെതിരെ കേസ് നൽകിയതിന് ഒരാഴ്ചയ്ക്കുശേഷമാണ് ഈ നീക്കം. നിയമപരമായി അർഹതയുള്ള ട്രക്ക്, ബസ് ഡ്രൈവർമാർക്ക് കൂടുതൽ സമയം നൽകാനാണ് കാലിഫോർണിയ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
അതേസമയം, ജനുവരി 5-നുള്ളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കാലിഫോർണിയക്ക് 160 മില്യൺ ഡോളർ ഫെഡറൽ ഫണ്ട് നഷ്ടമാകാമെന്ന് യുഎസ് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. വാണിജ്യ ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷാ യോഗ്യത ഉറപ്പാക്കുന്നില്ലെന്ന ആരോപണത്തെ തുടർന്ന് 40 മില്യൺ ഡോളർ ഇതിനകം തടഞ്ഞുവെച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. അമേരിക്കയിൽ അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാർക്ക് കമർഷ്യൽ ഡ്രൈവിങ് അനുമതി ലഭിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡഫി സമ്മർദം ചെലുത്തിയതിന് ശേഷമാണ് കാലിഫോർണിയ ലൈസൻസ് റദ്ദാക്കൽ നോട്ടീസുകൾ അയക്കാൻ തുടങ്ങിയത്.
ഓഡിറ്റിൽ, ചില കുടിയേറ്റക്കാരുടെ നിയമാനുമതി കാലാവധി കഴിഞ്ഞിട്ടും ലൈസൻസുകൾ നിലനിന്നതായും ചില ഡ്രൈവർമാരുടെ കുടിയേറ്റ നില ശരിയായി പരിശോധിച്ചുവെന്ന് സംസ്ഥാനം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യങ്ങളും കണ്ടെത്തി. “നിയമലംഘനം തുടരാനും റോഡുകളിൽ അമേരിക്കക്കാരെ അപകടത്തിലാക്കാനും കാലിഫോർണിയയ്ക്ക് ‘എക്സ്റ്റൻഷൻ’ ഒന്നുമില്ല,” എന്ന് ഡഫി എക്സിൽ കുറിച്ചു.
ഓഗസ്റ്റിൽ, യുഎസിൽ നിയമാനുമതിയില്ലാത്ത ഒരു ട്രക്ക് ഡ്രൈവർ ഫ്‌ളോറിഡയിൽ നടത്തിയ നിയമവിരുദ്ധ യു-ടേൺ അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. ഒക്ടോബറിൽ കാലിഫോർണിയയിലും സമാനമായ ഒരു അപകടത്തിൽ അനധികൃത ഡ്രൈവർ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.സിഖ് കോലിഷനും ഏഷ്യൻ ലോ കൗക്കസും ഡ്രൈവർമാരുടെ പേരിൽ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തു. കുടിയേറ്റ ട്രക്കർമാരെ അന്യായമായി ലക്ഷ്യമിടുകയാണെന്ന് അവർ ആരോപിച്ചു. സിഖ് കോലിഷന്റെ നിയമ ഡയറക്ടർ മുമീത് കൗർ ഈ വൈകിക്കൽ ഡ്രൈവർമാരുടെ ജീവനും ഉപജീവനവും നേരിടുന്ന അടിയന്തര ഭീഷണി കുറയ്ക്കാനുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്ന് പറഞ്ഞു.
മൊത്തം ട്രക്ക് ഡ്രൈവർമാരിൽ ഏകദേശം 20 ശതമാനം കുടിയേറ്റക്കാരാണെങ്കിലും, അവർക്ക് ലഭിക്കുന്ന പ്രത്യേക നോൺ-ഡോമിസൈൽഡ് ലൈസൻസുകൾ കാലിഫോർണിയയിലെ കോമേർഷ്യൽ ലൈസൻസുകളുടെ 5 ശതമാനം മാത്രമാണ്. ഫെഡറൽ ഗതാഗത വകുപ്പിനെ സംതൃപ്തിപ്പെടുത്തുന്ന വിധത്തിൽ നടപ്പാക്കിയ പരിഷ്‌കരണങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുകയാണെന്ന് കാലിഫോർണിയ ഉദ്യോഗസ്ഥർ പറഞ്ഞു. കമർഷ്യൽ ഡ്രൈവർമാർ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന ഭാഗമാണ്. അവർ ഇല്ലെങ്കിൽ സപ്ലൈ ചെയിനുകൾ നീങ്ങില്ല, സമൂഹങ്ങൾ ബന്ധിപ്പിക്കപ്പെടില്ലെന്നും മോട്ടോർ വാഹന വകുപ്പ് (DMV) ഡയറക്ടർ സ്റ്റീവ് ഗോർഡൻ പറഞ്ഞു.
California Delays Revoking 17,000 Immigrant Commercial Driver’s Licenses; Trump administration’s warning that ‘Americans are at risk’












