കാലിഫോർണിയ: കാലിഫോർണിയയിലെ സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക് ഐലൻഡർ അമേരിക്കൻ അഫയേഴ്സ് കമ്മീഷനിൽ നിയമിതയായി പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണി. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആണ് മഞ്ജുഷ പി. കുൽക്കർണിയെ കമ്മീഷനിലേക്ക് നിയമിച്ചത്. ജനുവരി 16-നായിരുന്നു നിയമനം.
കാലിഫോർണിയയിലെ ഏഷ്യൻ-പസഫിക് ഐലൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമുള്ള നിർണ്ണായകമായ ഒരു ചുവടുവെപ്പായാണ് ഈ നിയമനത്തെ ഏവരും നോക്കി കാണുന്നത്. കാലിഫോർണിയയിലെ 70 ലക്ഷത്തിലധികം വരുന്ന എഎപിഐ നിവാസികളുടെ പ്രശ്നങ്ങൾ ഗവർണറെയും നിയമസഭയെയും അറിയിക്കുക എന്നതാണ് ഈ കമ്മീഷന്റെ പ്രധാന ചുമതല. പ്രതിഫലമില്ലാതെയാണ് അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള മഞ്ജുഷയുടെ സാന്നിധ്യം.
നിലവിൽ ഇക്വിറ്റി അലയൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് മഞ്ജുഷ കുൽക്കർണി. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏകദേശം 16 ലക്ഷം നിവാസികളെ പ്രതിനിധീകരിക്കുന്ന 40-ലധികം സംഘടനകളുടെ കൂട്ടായ്മയാണിത്. 2020-ൽ ഏഷ്യൻ വംശജർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഉടലെടുത്ത ‘സ്റ്റോപ്പ് എഎപിഐ ഹേറ്റ്’ എന്ന സംഘടനയുടെ സഹസ്ഥാപിത കൂടിയാണ് മഞ്ജുഷ. ഇന്ന് ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രം കൂടിയാണ്.
ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായും ബ്ലൂംബെർഗ് 50 പട്ടികയിലും അവർ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് തടവിലാക്കപ്പെട്ട ജാപ്പനീസ് ലാറ്റിൻ അമേരിക്കക്കാർക്ക് വേണ്ടി നിയമപോരാട്ടം നടത്തുകയും അവർക്ക് നഷ്ടപരിഹാരവും അമേരിക്കൻ പ്രസിഡന്റിൽ നിന്ന് ഔദ്യോഗിക മാപ്പും നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കും മഞ്ജുഷ വഹിച്ചിട്ടുണ്ട്.
California Governor Gavin Newsom has appointed civil rights advocate Manjusha P. Kulkarni to the California Commission on Asian and Pacific Islander American Affairs















